ummanchandi-ulkadanam-che

കല്ലമ്പലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല്ലമ്പലത്തുനിന്ന് കണിയാപുരംവരെ അടൂർ പ്രകാശ് എം.പി നയിച്ച ലോങ് മാർച്ച് കല്ലമ്പലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. നിയമത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പ്രതിഫലിക്കുന്നതെന്നും മോദി സർക്കാർ ഇതോടെ മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയപ്പോൾ അതിനെതിരെ രംഗത്തുവന്നത് യുവാക്കളും വിദ്യാർത്ഥികളുമാണ്. ഇവർ രാജ്യത്തിന്റെ വാഗ്ദാനങ്ങളാണ്. കാമ്പസുകളിലെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസിന് കഴിയാതെ വന്നപ്പോൾ മുഖം മൂടിയണിഞ്ഞ ആർ.എസ്.എസുകാരെ രംഗത്തിറക്കിയാണ് കേന്ദ്ര സർക്കാർ സമരക്കാരെ നേരിട്ടത്. അതും ഫലം കണ്ടില്ല- ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ശക്തൻ നാടാർ, ശബരീനാഥൻ എം.എൽ എ, വർക്കല കഹാർ, ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, തോന്നയ്ക്കൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ കച്ചേരി നടയിൽ എ.ജി.ഒ അസോസിയേഷൻ , കെ.പി.എസ്.ടി.എ, ലായേഴ്സ് കോൺഗ്രസ് എന്നിവർ സ്വീകരണം നൽകി.