tharigami

തിരുവനന്തപുരം: കാശ്മീരിനെപ്പറ്റി പ്രധാനമന്ത്രി പറയുന്നതും അവിടെ നടക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് കാശ്മീരിൽ നിന്നുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. കേന്ദ്രാധികാരമുള്ളവർക്കല്ലാതെ കാശ്മീരിൽ ഇപ്പോഴും രാഷ്ട്രീയപ്രവർത്തനം സാദ്ധ്യമായിട്ടില്ലെന്നും തിരുവനന്തപുരത്ത് സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ തരിഗാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആശയവിനിമയ സംവിധാനമില്ല. ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ ദുരിതം ജീവിതത്തിലാകെയുണ്ടായി. പൊലീസും ഔദ്യോഗിക സംവിധാനങ്ങളും നൽകുന്നതല്ലാതെ മാദ്ധ്യമങ്ങൾക്ക് മറ്റൊരു വാർത്തയും കിട്ടുന്നില്ല. എന്നിട്ടും കാശ്മീർ ശാന്തമാണെന്ന് പ്രധാനമന്ത്രി പറയുന്നു. 36 മന്ത്രിമാർ കാശ്മീർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയെന്നാണ് വാദം. ഇതിൽ 31പേരും വന്നത് ജമ്മുവിലാണ്. അഞ്ച് പേർ കാശ്മീരിലും. ലഡാക്കിൽ ഒരു മന്ത്രി പോലും പോയിട്ടില്ല. ഇനിയെങ്കിലും പ്രധാനമന്ത്രി കളവ് പറയാതിരിക്കണം. പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന അടിസ്ഥാനാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട ജനതയാണ് കാശ്മീരിൽ. പരസ്പരം ബന്ധമില്ലാത്ത ജനക്കൂട്ടമായി അവർ മാറി. ചികിത്സ കിട്ടാത്ത രോഗികളും പഠനം മുടങ്ങുന്ന വിദ്യാർത്ഥികളും തടവിലാക്കപ്പെട്ട രാഷ്ട്രീയനേതാക്കളും എന്നതാണ് സ്ഥിതി. ആപ്പിൾ കർഷകരെല്ലാം പ്രതിസന്ധിയിലായി. കൃഷി നശിപ്പിക്കപ്പെട്ടു. നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താനായില്ല.

ചർച്ച പോലുമില്ലാതെ അർദ്ധരാത്രിയിൽ പ്രാബല്യത്തിൽ വന്നതാണ് കാശ്മീരിലെ വിഭജനം. ഭരണഘടനാവിരുദ്ധവും ഫെഡറൽസംവിധാനത്തെ തകർക്കുന്നതും ജനങ്ങളെ വെല്ലുവിളിക്കുന്നതുമാണിത്. രാജ്യത്താകെ രാഷ്ട്രീയാധികാരം സ്ഥാപിച്ചെടുക്കാനുള്ള തുടക്കമാണത്. രാജ്യത്താകെ വളരുന്ന വർഗീയത കാശ്മീരിനെയും ബാധിക്കുന്നു. വല്ലാത്ത അരക്ഷിതാവസ്ഥ അവിടെ താമസിക്കുന്നവർക്കുണ്ട്. കാശ്മീരിലെ ഇപ്പോഴത്തെ നിശ്ശബ്ദതയിൽ ഭയം തോന്നുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലാണ്. എല്ലാം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയല്ല ഈ നിശ്ശബ്ദത. ജാമിയ മിലിയ, അലിഗഢ് സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഒന്നിച്ചതുപോലുള്ള സ്ഥിതിവിശേഷം കാശ്മീരിലുമുണ്ട്. രാജ്യമാണ് വലുത്. ജനങ്ങളെ കുറച്ചുകാണരുത്. ഭരണഘടനയാണ് ജനങ്ങളുടെ വഴികാട്ടി. ഇന്നത്തെ പ്രതിഷേധത്തിന്റെ മിടിപ്പ് കാണുമ്പോൾ ഭാവിയിൽ പ്രതീക്ഷയുണ്ട്.
കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായത് കൊണ്ടുതന്നെ അധികാരത്തിലുള്ളവരുടെ രാഷ്ട്രീയം നടപ്പാക്കാനുള്ള ഉപകരണമാണ് ഗവർണർ. കേരളത്തിലായാലും കാശ്മീരിലായാലും അതൊരുപോലെയാണെന്നും തരിഗാമി പറഞ്ഞു.