നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലും ബസുകളിലും ആഭരണ മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ ചേപ്പിലോട്, പരുത്തിക്കുഴി ബസുകളിൽ യാത്രക്കാർ കയറുന്നതിനിടെ കൃത്രിമ തിരക്ക് സൃഷ്ടിച്ച് രണ്ട് സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചു. ചേപ്പിലോട് സ്വദേശിയും നെടുമങ്ങാട് കോടതിയിലെ ജീവനക്കാരിയുമായ ലാലിയുടെ മൂന്ന് പവന്റെ മാലയും പരുത്തിക്കുഴി സ്വദേശി സൗദാമിയുടെ നാല് പവന്റെ മാലയുമാണ് അപഹരിച്ചത്. ബസുകൾ പൊലീസ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. വെമ്പായത്ത് നിന്ന് നെടുമങ്ങാട്ടേക്ക് വന്ന ബസിലെ യാത്രക്കാരനായിരുന്ന കരകുളം സ്വദേശി രാജന്റെ അരപ്പവൻ മോതിരം മോഷ്ടിച്ചതും കഴിഞ്ഞ ദിവസമാണ്. നാടോടി സ്ത്രീ സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.