നെടുമങ്ങാട്: ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയിൽ സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ കീഴിലെ ഒമ്പത് ലോക്കൽ കമ്മിറ്റികളിൽ നിന്നായി എണ്ണായിരം പേർ അണിനിരക്കുമെന്ന് ഏരിയാ സെക്രട്ടറി അഡ്വ. ആർ.ജയദേവൻ അറിയിച്ചു. ജനപ്രതിനിധികളും കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. കഴക്കൂട്ടം സി.എസ്.ഐ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ പള്ളിപ്പുറം മേജർ ദേവീക്ഷേത്ര മുൻവശം വരെ മൂന്ന് കി.മീറ്റർ ഭാഗത്താണ് ഇവർ അണിനിരക്കുന്നത്. പാർട്ടി പ്രവർത്തകർ ഗൃഹസന്ദർശനം പൂർത്തിയാക്കി ബ്രാഞ്ചു കേന്ദ്രങ്ങളിൽ കുടുംബസംഗമങ്ങൾ ചേരും. വിദ്യാർത്ഥികളും യുവജനങ്ങളും തൊഴിലാളികളും കർഷകരും പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. മഹാശൃംഖല വൻ വിജയമാക്കുവാൻ മുഴുവൻ പ്രവർത്തകരും ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്ന് അഡ്വ. ആർ ജയദേവൻ അഭ്യർത്ഥിച്ചു.