തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനസേവന പ്രവർത്തനങ്ങൾ കോർത്തിണക്കുന്ന വി.കെ.പ്രശാന്ത് എം.എൽ.എയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. വി.കെ.പ്രശാന്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സേവന പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി യൂത്ത് ബ്രിഗേഡ് എന്ന പേരിൽ ആവിഷ്കരിച്ചരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. നിയമസഭയിലെ പ്രവർത്തനങ്ങൾ പൂർണമായി ഐ.ടി. അധിഷ്ടിതമായി മാറുന്ന ഘട്ടത്തിലാണ് വി.കെ.പ്രശാന്തും ഐ.ടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ചെയ്യുന്നതിനും വെബ് സൈറ്റ് പ്രയോജനപ്പെടുത്തുമെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിനും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനും വെബ്‌സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. യൂത്ത് ബ്രിഗേഡിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്കും ഇന്റേൺഷിപ്പ് പ്രോഗ്രാമിനും വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഡോ.സി.ഭാസ്‌കരൻ, ഡോ.ഉദയവർമ്മൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.