തിരുവനന്തപുരം: ആളുകളെ ഭിന്നിപ്പിച്ച് രാജ്യത്തിന്റെ അടിസ്ഥാന ഘടന തകർക്കാനാണ് പൗരത്വ നിയമ ഭേദഗതി ലക്ഷ്യമിടുന്നതെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്നും മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറഞ്ഞു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംഘടിപ്പിച്ച 'പൗരത്വ നിയമ ഭേദഗതി' ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത കുടിയേറ്റം തടയാൻ മറ്റ് പല മാർഗങ്ങളുമുണ്ട്. ഇതിൽ മതം തിരുകികയറ്റേണ്ട ആവശ്യമില്ല. 1955ലെ പൗരത്വ നിയമത്തിൽ എവിടെയും ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റി (എൻ.പി.ആർ) പ്രതിപാദിച്ചിട്ടില്ല. മൂല നിയമത്തിൽ ഒരിടത്തും പരാമർശിക്കാത്ത എൻ.പി.ആറിന്റെ നിയമസാധുത ചോദ്യം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് മുസ്ലിം സമുദായത്തെ പുറത്തുനിറുത്തുന്ന നിയമം ഉണ്ടാക്കുന്നവർ നാളെ ദളിതരെ ഉന്നം വച്ചേക്കാമെന്ന് സുപ്രീം കോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന, ഉയർന്ന ജാതിക്കാരായ, പ്രത്യേക മതവിഭാഗക്കാരാണ് കേന്ദ്രസർക്കാരിന്റെ കണ്ണിൽ ദേശസ്നേഹികൾ. ഇന്ത്യക്കാരെല്ലാം എന്റെ സഹോദരീ സഹോദരൻമാരാണ് എന്ന് പറഞ്ഞ് പഠിച്ച നമ്മൾ മതത്തിന്റെ അടിസ്ഥാനത്തിൽ സഹോദരരെ തിരഞ്ഞെടുക്കണമെന്നതാണ് പൗരത്വനിയമ ഭേദഗതിയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ സെമിനാർ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ വർഗീസ്.കെ.ജോർജ്, ജോസഫ്.സി.മാത്യു, എച്ച്.ആർ.പി.എം അഡ്വൈസറി ബോർഡ് മെമ്പർ കെ.വി.എസ്. ഹരിദാസ്, ജയശങ്കർ, ശ്രീജിത് പണിക്കർ, അഷ്റഫ് കടക്കൽ തുടങ്ങിയവർ സംസാരിച്ചു.