തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ തെറ്റിയാർ തോട് നവീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ നഗരസഭ ഒപ്പിട്ടു. 25 ലക്ഷം രൂപയാണ് ഇതിന് ചെലവിടുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ചേംബറിൽ നടന്ന യോഗത്തിൽ മേയർ കെ. ശ്രീകുമാർ, ഐ.ഒ.സി സി.ജി.എം തോമസ് വർഗീസ് എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. ഐ.ഒ.സി സതേൺ ജനറൽ മാനേജർ വിപിൻ ഓസ്റ്റിൻ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 10ന് ആരംഭിക്കുന്ന നവീകരണം ഏപ്രിൽ14ന് മുമ്പ് പൂർത്തിയാക്കും. തോട് വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്‌ത് കയർ ഭൂവസ്ത്രം വിരിക്കും. നഗരസഭ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറായിരിക്കും നവീകരണത്തിന് നേതൃത്വം നൽകുക.