തിരുവനന്തപുരം : സഞ്ചാരസ്വാതന്ത്ര്യം പോലും തടസപ്പെടുത്തിക്കൊണ്ട് നഗരത്തിൽ അടിക്കടി മുളച്ചു പൊന്തുന്ന തട്ടുകടകൾക്ക് മൂക്കുകയറിട്ട് നഗരസഭ. നഗരത്തിൽ പുതുതായി തട്ടുകടകൾ അനുവദിക്കില്ല. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവ അവസാനിപ്പിക്കാനും തീരുമാനിച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് മേയർ കെ.ശ്രീകുമാർ ഇക്കാര്യം അറിയിച്ചത്. നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി തട്ടുകടകൾ നടത്തുന്നുണ്ട്. യഥാർത്ഥ ഉടമ ആരെന്ന് ആർക്കും അറിയില്ല. ഇതിനായി പ്രവർത്തിക്കുന്ന ഇടനിലക്കാരെ കണ്ടെത്തി നടപടിയെടുക്കും. കക്ഷി രാഷ്ട്രീയം നോക്കാതെ ഇക്കാര്യത്തിൽ മുന്നോട്ടു പോകുമെന്നും മേയർ പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മ്യൂസിയം ആർ.കെ.വി റോഡിൽ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ഇക്കാര്യം മേയർ വ്യക്തമാക്കിയത്. മ്യൂസിയം പ്രദേശത്ത് ബങ്കുകൾ നടത്തുന്നത് നഗരത്തിലെ അറിയപ്പെടുന്ന വ്യവസായിയായ യാക്കൂബാണെന്നും ജീവിക്കാൻ വഴിയില്ലാത്ത സാധാരണക്കാർക്ക് വേണ്ടിയുള്ള ബങ്കുകൾ വ്യാജമായി ഇയാൾ സ്വന്തമാക്കിയതാണെന്നും ബി.ജെ.പി അംഗം കരമന അജിത്ത് ആരോപിച്ചു. നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിൽ യാക്കൂബെന്ന വ്യക്തിക്ക് ബങ്കുകളുണ്ടെന്നും കൂടാതെ പുളിമൂട്ടിൽ ലക്ഷങ്ങൾ നൽകി വസ്ത്രവ്യപാരശാല നടത്തുന്നുണ്ടെന്നും അജിത്ത് പറഞ്ഞു. എന്നാൽ ആരോപണങ്ങൾ വസ്തുതാപരമാണെന്ന് ടൗൺപ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ പറഞ്ഞു. അനർഹരെ ഒഴിവാക്കുമെന്നും അർഹരായവരെ കച്ചടവടം നടത്താൻ അനുവദിക്കുമെന്നും മേയറും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനുവും പറഞ്ഞു.
വീട്ടിലെത്തി മാലിന്യമെടുക്കും, ഫീസ് 800
വീടുകളിലെത്തി ജൈവ അജൈവ മാലിന്യശേഖരിക്കാൻ നഗരസഭ പുതിയ പദ്ധതി തയ്യാറാക്കുന്നു. ഉറവിടമാലിന്യ സംസ്കരണത്തിന്റെ ഭാഗമായുള്ള കിച്ചൺബിന്നുകൾ വീട്ടിൽ സ്ഥാപിച്ചിട്ടില്ലത്തവർക്കായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 800 രൂപ നിരക്കിൽ മാലിന്യം ശേഖരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. നിലവിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 100 രൂപയുടെ പദ്ധതിയും കിച്ചൺ ബിൻ വച്ച് ജൈവ മാലിന്യ പരിപാലനം നടത്തുന്നതിനും അജൈവ മാലിന്യ ശേഖരണത്തിനും കൂടി 200 രൂപയുടെ പദ്ധതിയുമാണുള്ളത്. പുതിയ പദ്ധതി പ്രകാരം മാലിന്യം സംസ്‌കരിക്കാനും ശേഖരിക്കാനും കഴിവുള്ള സംരംഭകരിൽ നിന്നു താത്പര്യപത്രം ക്ഷണിക്കും.
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവയ്ക്ക് ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
എന്നാൽ ഈ പദ്ധതി നിലവിലെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി തകരാനും കൂടുതൽ തുക നൽകി ഈ ശേഖരണത്തിലേക്ക് മാറാനും നഗരവാസികളെ നിർബന്ധിതരാക്കുമെന്ന് ബി.ജെ.പി അംഗങ്ങളായ എം.ആർ.ഗോപനും വി.ജി.ഗിരികുമാറും പറഞ്ഞു.
മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കാൻ താത്പര്യമില്ലാത്തവരിൽ നിന്നു ഈ തുക ഈടാക്കുന്നതിൽ തെറ്റില്ലെന്ന് വഞ്ചിയൂർ ബാബു പറഞ്ഞു. തുക കുറയ്ക്കുന്ന കാര്യം ട്രൈബ്യൂണൽ നിരീക്ഷണ സമിതിയോട് ആവശ്യപ്പെടാമെന്ന് മേയർ പറഞ്ഞു.
നഗരസഭാ അഭിഭാഷകർക്കെതിരെ യു.ഡി.എഫ്
നഗരസഭയ്ക്ക് വേണ്ടി കേസുകൾ വാദിക്കുന്ന അഭിഭാഷകർ എതിർകക്ഷികൾക്കൊപ്പം ചേർന്ന് സ്വയം പരാജയം ഏറ്റുവാങ്ങുകയാണെന്ന് യു.ഡി.എഫ് നേതാവ് ഡി.അനിൽകുമാർ ആരോപിച്ചു. ആറോളം അഭിഭാഷകരാണ് നഗരസഭയ്ക്കായുള്ളത്. എന്നാൽ നഗരസഭയ്ക്ക് അനുകൂലമായി ഉത്തരവുകൾ സമ്പാദിക്കാൻ അടുത്തകാലത്തൊന്നും കഴിഞ്ഞിട്ടില്ല. പേട്ടയിൽ മൃഗാശുപത്രിയുടെ പണി തുടങ്ങിയതിന് പിന്നാലെ ആരോ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാൽ തുടർനടപടികൾ സ്വീകരിച്ച് നഗരസഭയുടെ വാദം കോടതിയെ അറിയിക്കാനോ സ്റ്റേ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.