തിരുവനന്തപുരം: പൗരത്വനിയമം മുസ്ലിം പ്രശ്നമായി കാണുന്നില്ലെന്നും ഇതു ഭരണഘടനയെ ബാധിക്കുന്ന പ്രശ്നമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ. പൗരത്വനിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാകമ്മിറ്റി പാളയത്ത് നടത്തിയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വിഭജിക്കുക എന്ന ആർ.എസ്.എസ് അജൻഡയാണ് നടപ്പാക്കുന്നത്. രാഹുൽഗാന്ധിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധമാണെന്ന ചരിത്രകാരൻ രാമചന്ദ്രഗുഹയുടെ പരാമർശം നിരാശപ്പെടുത്തി. രാഹുലിനെ തോൽപ്പിച്ച അമേഠിയിലെ ജനങ്ങൾക്കാണ് അബദ്ധം പറ്റിയത്. അവർ നാടിനോടു ചെയ്ത ദ്രോഹമാണത്. ആർ.എസ്.എസ് രാജ്യത്തിനു അപകടമാകുമെന്നു അദ്ദേഹം നാടുനീളെ പറഞ്ഞു നടന്നു. പക്ഷേ അദ്ദേഹത്തിന്റെ ആശയങ്ങൾ നിർഭാഗ്യവശാൽ ജനം തള്ളി. രാജ്യത്തെ വിഭജിക്കുന്ന അപകടത്തെ ഒന്നിച്ചു നിന്നു ചെറുക്കേണ്ട സമയമാണിതെന്നും പറഞ്ഞു.
വി.എസ്. ശിവകുമാർ എം.എൽ.എ, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.പി.എം സംസ്ഥാന സമിതി അംഗം എം. വിജയകുമാർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, വനിതാലീഗ് സംസ്ഥാന സെക്രട്ടറി സബീന, കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷ്റഫലി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കരമന, ട്രഷറർ ഫൈസ് പൂവച്ചൽ, മുസ്ലിം ലീഗ് നേതാക്കളായ നേമം കരീം, വിഴിഞ്ഞം റസാഖ് എന്നിവർ സംസാരിച്ചു.