kalari1

ചിറയിൻകീഴ്: ക്രീഡാ ഭാരതി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കായിക മാമാങ്കം ശാർക്കരയിൽ ആരംഭിച്ചു. ആറ്റിങ്ങലിൽ നിന്നാരംഭിച്ച് ശാർക്കരയിൽ അവസാനിച്ച മിനി മാരത്തോണോടു കൂടിയാണ് കായിക മാമാങ്കത്തിന് തുടക്കം കുറിച്ചത്. ചെസ് മത്സരവും കളരിപ്പയറ്റ് മത്സരവും പ്രദർശനവും നടന്നു. ആലപ്പുഴ ബമോദയ കളരി സംലത്തിന്റെ പ്രദർശനത്തോടെയാണ് കളരിപ്പയറ്റ് ആരംഭിച്ചത്. രാത്രിയോടെ വടംവലി മത്സരവും കമ്പഡി മത്സരവും നടന്നു. ചെസ് മത്സരത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള രജിത്തും മിനിമാരത്തോണിൽ പാലക്കാട് നിന്നുള്ള അനിലും ഒന്നാം സ്ഥാനം നേടി. രാത്രി യോഗാ പ്രദർശനവും പഞ്ചഗുസ്തി മത്സരവും നടന്നു. ക്രീഡാ ഭാരതി ദേശീയ സെക്രട്ടറി സഞ്ജയ് തിവാരി, സംസ്ഥാന സെക്രട്ടറി അഡ്വ. വി. ഗിരിശൻ, സ്വാഗത സംഘം ചെയർമാൻ അശോകൻ എന്നിവർ കായിക മാമാങ്കത്തിന് നേതൃത്വം നൽകി. പ്രദർശനം കാണാൻ നിരവധി ജനങ്ങളാണ് ശാർക്കരയിലെത്തിയത്. ഇന്ന് രാവിലെ ക്രീഡാ ഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ക്രീഡാ ഭാരതി ദേശീയ സെക്രട്ടറി സഞ്ജയ് തിവാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മുരളി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സംഘാടകനും സംയോജകനും എന്ന വിഷയത്തിൽ ആർ.എസ്.എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണൻ സംസാരിക്കും. സംസ്ഥാന ഉപാദ്ധ്യക്ഷൻ മധുക്കുട്ടൻ, അഡ്വ വി.ഗിരീശൻ തുടങ്ങിയവർ പങ്കെടുക്കും