തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രണ്ടും കല്പിച്ച് നീങ്ങുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട്, അതേ നിലയിലുള്ള പ്രകോപനത്തിന് മുതിരേണ്ടെന്ന നിലപാടിലാണ് ഭരണനേതൃത്വം. എന്നാൽ ഇടതുപാർട്ടികൾ രാഷ്ട്രീയവിമർശനം ശക്തമായി തുടരും. ഇന്നലെ സി.പി.എം, സി.പി.ഐ മുഖപത്രങ്ങൾ നടത്തിയ വിമർശനം ഇതിന്റെ സൂചനയാണ്.

പുതുവർഷത്തിലെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ 30 ന് ആരംഭിക്കാനിരിക്കെ, പ്രകോപനങ്ങൾ ഒഴിവാക്കി കരുതലോടെ നീങ്ങാനാണ് സർക്കാർ നീക്കം. രണ്ടു ദിവസം മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഗവർണർ മാദ്ധ്യമങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. എന്നിട്ടും മുഖ്യമന്ത്രി മലപ്പുറത്ത് ഗവർണറെ പേരെടുത്ത് പറയാതെയാണ് വിമർശിച്ചത്. മന്ത്രിമാർ പ്രകോപനപരമായി പ്രതികരിച്ചിട്ടുമില്ല.

ഭരണഘടനാ ബാദ്ധ്യതയായതിനാൽ നയപ്രഖ്യാപനം ഗവർണർക്ക് നടത്താതിരിക്കാനാവില്ല. അതിൽ വിയോജിപ്പുള്ള ഭാഗം അദ്ദേഹത്തിന് വായിക്കാതിരിക്കാം. മന്ത്രിസഭ അംഗീകരിക്കുന്ന കരട് പ്രസംഗത്തിൽ തിരുത്തലും ആവശ്യപ്പെടാം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തതിന് ഗവർണർ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി മറുപടി നൽകും. രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കി നിയമവശങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയുള്ള മറുപടിയാവും നൽകുക. റൂൾസ് ഒഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടും. ഇതിനുള്ള രേഖകളും കോടതിവിധികളും ഉൾപ്പെടെ ഉദ്ധരിക്കും.

ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാത്രിയോടെയേ മടങ്ങിയെത്തൂ. വിശദീകരണം ചോദിക്കുന്നെങ്കിൽ അതിനു ശേഷമേ ഉണ്ടാകൂ. തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചിട്ടില്ല; തിരിച്ചയച്ചിട്ടുമില്ല. ഒപ്പുവയ്‌ക്കില്ലെന്ന സൂചന അദ്ദേഹം കഴിഞ്ഞദിവസം നൽകിയ സ്ഥിതിക്ക് നിയമസഭയിൽ ബിൽ പാസാക്കാനാണ് സർക്കാരിന്റെ ശ്രമം. വിയോജിച്ചു നിൽക്കുന്ന പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നു വേണം അത്. ബിൽ പാസായാലും ഗവർണർ ഒപ്പു വയ്ക്കാതെ നിയമമാകില്ല. അതും സർക്കാരിന് ആശങ്കയുണ്ടാക്കുന്നു.

തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കേണ്ടതും ഗവർണറാണ്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവർണർ പ്രസംഗത്തിൽ നിലപാട് വിശദീകരിക്കാതിരിക്കില്ല. അന്നു തന്നെയാണ് ഇടതുപക്ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയും.

റിപ്പബ്ലിക് ദിനത്തിൽ വൈകിട്ട് രാജ്ഭവനിൽ മന്ത്രിസഭാംഗങ്ങൾക്കും പ്രതിപക്ഷനേതാവിനും മറ്റും ഗവർണർ വിരുന്നൊരുക്കുന്ന അറ്റ് ഹോം എന്ന പരിപാടി പതിവുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം അതൊഴിവാക്കിയിരുന്നു. ഇക്കുറി അതുണ്ടാവുമോ എന്ന് വ്യക്തമല്ല. അതും ഏവരും ഉറ്റുനോക്കുന്നു.

30ന് നയപ്രഖ്യാപനത്തിൽ പക്ഷേ സർക്കാർ നിലപാടിനോടുള്ള ഗവർണറുടെ സമീപനം എന്താകുമെന്നത് ആകാംക്ഷയുണർത്തുന്നുണ്ട്. നയപ്രഖ്യാപനത്തിനു മുമ്പ് മുഖ്യമന്ത്രി ഗവർണറെ കണ്ട് സൗഹാർദ്ദാന്തരീക്ഷത്തിന് കളമൊരുക്കാനും സാദ്ധ്യതയുണ്ട്.