തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ വിരലിന്റെ അറ്റം നഷ്ടപ്പെട്ട രണ്ടര വയസുകാരൻ അയാൻ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിപ്പിക്കുന്നു. കിംസ് ആശുപത്രിയിലെ ഹാൻഡ് സർജനായ ഡോ. മനോജ് ഹരിദാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ജൂണിലാണ് നെടുമങ്ങാട് പത്താംകല്ല് നാന ഹൗസിൽ അസ്‌ലം - അഥീന ദമ്പതികളുടെ മകനായ അയാൻ വീട്ടിൽ കളിക്കുന്നതിനിടെ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. ഇടതുകൈയിലെ വിരലിന്റെ അറ്റം നായ കടിച്ചെടുക്കുകയായിരുന്നു. പല ഭാഗങ്ങളിൽ നിന്ന് കോശങ്ങളെടുത്തതിനാൽ ശസ്ത്രക്രിയ അതിസങ്കീർണമായിരുന്നു. നഖം, വിരലിന്റെ അറ്റം തുടങ്ങിയവ നഷ്ടപ്പെട്ടതുകൊണ്ട് സൈന്യത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത്തരം ശസ്ത്രക്രിയ ഉപകരിക്കുമെന്ന് ഡോ. മനോജ് ഹരിദാസ് പറഞ്ഞു.