തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭങ്ങളിൽ കേരളവും തമിഴ്നാടും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സി.പി.എമ്മിന്റെ സജീവപങ്കാളിത്തം പോരെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ആ സ്ഥിതി മാറണമെന്ന് കേന്ദ്രകമ്മിറ്റിയുടെ രണ്ടാംദിവസം നടന്ന ചർച്ചയിൽ പലരും ആവശ്യപ്പെട്ടു.
പൗരത്വഭേദഗതിക്കെതിരായ സമരങ്ങളിൽ കേരളവും ഇവിടത്തെ ഇടതുസർക്കാരും നടത്തുന്ന ഇടപെടലുകളെ അംഗങ്ങൾ പുകഴ്ത്തി. പ്രതിപക്ഷത്തെയും സഹകരിപ്പിച്ച് നടത്തിയ സത്യഗ്രഹം, നിയമസഭയിൽ പ്രമേയം പാസാക്കിയത്, സുപ്രീംകോടതിയിൽ ഹർജി നൽകിയത് തുടങ്ങിയ ഇടപെടലുകൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പലരും ചൂണ്ടിക്കാട്ടി.
പ്രക്ഷോഭങ്ങളിൽ പേരിന് മാത്രമുള്ള ഇടപെടൽ പോരെന്നും രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ സാഹചര്യം കണക്കിലെടുത്തുള്ള സജീവ ഇടപെടലുകളാണ് വേണ്ടതെന്നും യോഗത്തിൽ നിർദ്ദേശങ്ങൾ ഉയർന്നു. ആർ.എസ്.എസിന്റെയും കേന്ദ്രസർക്കാരിന്റെയും നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിൽ യോജിപ്പിക്കാനാവുന്ന ആരെയും ഒപ്പം കൂട്ടണമെന്ന് കഴിഞ്ഞദിവസം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേപറ്റിയുള്ള ചർച്ചയിൽ ഇതേ വികാരമാണ് അംഗങ്ങളിലേറെയും പങ്കുവച്ചത്. ഒറ്റപ്പെട്ട സമരങ്ങളല്ല കാലം ആവശ്യപ്പെടുന്നത്. ഏറ്റവും മുകൾത്തട്ട് മുതൽ താഴേത്തട്ട് വരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് തുടർച്ചയുണ്ടാകണം. പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും ക്രോഡീകരിക്കാൻ പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീം ആവശ്യമാണ്. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി സമരങ്ങൾക്കുള്ള പിന്തുണ തുടരണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.
രാജ്യത്താകെ ഇപ്പോൾ വിവിധ രാഷ്ട്രീയകക്ഷികളുടെയും സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. ആ പ്രക്ഷോഭങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇടപെടലിൽ പാർട്ടിക്ക് മേൽക്കൈ ഉണ്ടാകണം. ഇല്ലെങ്കിൽ ഒരു ഘട്ടം കഴിയുമ്പോൾ സമരം മുന്നോട്ട് കൊണ്ടുപോകാനാകാതെ വരും. പ്രക്ഷോഭങ്ങളെ സംബോധന ചെയ്യാൻ നേതാക്കൾ മാത്രം മുന്നണിയിൽ നിന്നാൽ പോരെന്നും അഭിപ്രായമുയർന്നു. അതിനായി പാർട്ടി ടീമിനെ സജ്ജമാക്കാൻ കേന്ദ്രകമ്മിറ്റിയിൽ നടപടിയുണ്ടാവണം.
പൗരത്വ ഭേദഗതി നിയമത്തിൽ മാത്രമായി സമരങ്ങളെ ഒതുക്കരുതെന്നും അഭിപ്രായമുയർന്നു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ഫലമായുണ്ടായ സാമ്പത്തികത്തകർച്ച, തൊഴിലില്ലായ്മ, കാർഷിക തകർച്ച, രൂക്ഷമായ വിലക്കയറ്റം, ഭൂരിപക്ഷ വർഗീയത അടിച്ചേല്പിക്കാനുള്ള നീക്കങ്ങൾ, ഭരണഘടന തന്നെ ആക്രമിക്കപ്പെടുന്ന നില തുടങ്ങിയ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സമരങ്ങളെയാകെ കോർത്തിണക്കി മുന്നേറാനാകണം. ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വം അടിച്ചേല്പിക്കുന്ന ഹിന്ദുത്വ വർഗീയതയെ തോല്പിക്കാൻ അപ്പോഴേ സാധിക്കൂ. കേരളത്തിലെ പോലെ തമിഴ്നാട്ടിലും ഡി.എം.കെയുടെ നേതൃത്വത്തിൽ സമരം നടക്കുന്നുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
യോഗം ഇന്ന് ഉച്ചയോടെ അവസാനിക്കും. വൈകിട്ട് തിരുവനന്തപുരത്ത് സി.പി.എം ജില്ലാകമ്മിറ്റി മുൻകൈയെടുത്ത് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പി.ബി അംഗങ്ങളും പങ്കെടുക്കും.