പൂവാർ: കോട്ടുകാൽ പഞ്ചായത്തിൽ തണ്ണീർത്തടങ്ങൾ അപ്രത്യക്ഷമാകുന്നു. നിരവധി പാടശേഖരങ്ങളും മറ്റ് നീർത്തടങ്ങളുമാണ് പലയിടങ്ങളിലായി നികത്തിയിരിക്കുന്നത്. ഈ ഭൂമിയുടെ 90% വും തണ്ണീർത്തടമാണെന്നാണ് കണക്ക്. 2018ലെ പ്രളയത്തിൽ ഈ പ്രദേശത്ത് അതിരൂക്ഷമായ വെള്ളപ്പൊക്കവും അനുഭവപ്പെട്ടിരുന്നു.
വലിയതോട്, നടുത്തോട് എന്നീ രണ്ട് പ്രധാന തോടുകൾ ഈ മേഖലയിലൂടെയാണ് കടന്നു പോകുന്നത്. സമീപ പ്രദേശങ്ങളിലെ കൃഷിക്കും കിണറിലും വെള്ളമെത്തുന്നത് ഈ തണ്ണീർത്തടവും തോടുകളും നിലനിൽക്കുന്നതുകൊണ്ടാണ്. ഈ തണ്ണീർത്തടങ്ങൾ പൂർണമായും
നികത്തപ്പെട്ടാൽ പ്രദേശത്തിന്റെ ജലസംഭരണ ശേഷി ഏകദേശം 36 കോടി ലിറ്റർ കുറയും.ഒപ്പം
പ്രദേശത്തെ കുടിവെള്ള ലഭ്യത കുറവ് വരുത്തും.വേനൽകാലത്ത് കടുത്ത ക്ഷാമം നേരിടും.
കൂടാതെ മുല്ലൂർ ഭാഗത്തെ ഏകദേശം അഞ്ച് ഏക്കറോളം വരുന്ന നെൽവയലുകൾ വികസനത്തിന്റെ പേരിൽ പൂർണമായും നികത്തിക്കഴിഞ്ഞു. അവിടെ തന്നെയുള്ള തേവർ കുളവും, വലിയ കുളവും ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. വികസനത്തിന്റെ പേര് പറഞ്ഞ് ഏത് നിമിഷവും ഈ രണ്ട് കുളങ്ങളും മൂടപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്.
കോട്ടുകാലിൽ നികത്തിയത്...... 90 ഏക്കർ
1973-ൽ ആരംഭിച്ചതാണ് പുളിങ്കുടി വാട്ടർ സപ്ലൈ സ്കീം. ഇതിന്റെ ടാങ്ക് സ്ഥിതി ചെയ്യുന്നതാകട്ടെ നെട്ടത്താന്നിയിലും. കുരുവിത്തോട്ടം ഏലായിലാണ് പമ്പ് ഹൗസ് പ്രവർത്തിക്കുന്നത്. ഈ ഏലാ ഏതാണ്ട് മുഴുവനും മണ്ണിട്ട് നികത്തി. ഈ നില തുടർന്നാൽ വെള്ളം കിട്ടാതെ പുളിങ്കുടി വാട്ടർ സപ്ലൈ സ്കീം നിലയ്ക്കും.
കൊടുംവേനലിലും നിലയ്ക്കാത്ത ജലപ്രവാഹമുള്ള ആഴിമല ക്ഷേത്രത്തിന് സമീപത്തെ കിണ്ണിക്കുഴിയും നാശത്തിന്റെ വക്കിലാണ്.
കോട്ടുകാലിലെയും സമീപ പ്രദേശങ്ങളിലേയും തണ്ണീർത്തടങ്ങളും നീർച്ചാലുകളും അതേപടി സംരക്ഷിക്കപ്പെടേണ്ടവയാണ്. നമുക്ക് പൈതൃകമായി കിട്ടിയ പ്രകൃതിദത്ത സ്വത്തിനെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്.--
കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എ.കെ.ഹരികുമാർ
ഫോട്ടോ: മരുതൂർക്കോണം പുത്തളം ഭാഗത്ത് മണ്ണിട്ട് നികത്തിയ നിലയിൽ
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമായതോ ജലാംശമുള്ളതോ ആയ തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ള ഭൂപ്രദേശമാണ് തണ്ണീർത്തടം .അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.
പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവഹിക്കുന്നുണ്ട്. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിദ്ധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധി സസ്യ-ജന്തുജാലങ്ങളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
തണ്ണീർത്തടങ്ങൾ പ്രകൃതിദത്ത അണക്കെട്ടുകളാണ്. ഇവ ഭൂഗർഭജലത്തെ സമ്പുഷ്ടമാക്കുകയും ആവശ്യാനുസരണം വീണ്ടെടുക്കുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളുടെ സവിശേഷമായ ഭൗമഘടന ഭൂഗർഭ ജലപോഷണത്തിന് അനുയോജ്യമാണ്. ഇവിടത്തെ മണൽകലർന്ന ചെളിയിലുള്ള അതിസൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗർഭജലം സംഭരിക്കപ്പെടുന്ന ഇടത്തേക്ക് (aquifer) ശുദ്ധജലം ഊർന്നിറങ്ങുന്നു. തണ്ണീർത്തടങ്ങളുടെ സാമീപ്യമുള്ളിടങ്ങളിൽ വേനൽക്കാലത്ത് വരൾച്ച കുറവായിരിക്കും.
തണ്ണീർത്തടങ്ങളുടെ തീരത്ത് വളരുന്ന സസ്യങ്ങൾ ജലാശയത്തിട്ടകൾക്കും നദീതീരങ്ങൾക്കും ബലംനൽകുകയും സ്ഥിരമായ പ്രകൃതം നിലനിറുത്തുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളുടെ കരയോട് ചേർന്ന് വളരുന്ന പ്രത്യേകതരം സസ്യങ്ങൾ എക്കലുകൾ അടിയുന്നതിനും തീരഘടനയെ നിലനിറുത്തുന്നതിനും സഹായിക്കുന്നു.
ലോക തണ്ണീർത്തട ദിനം ..ഫെബ്രുവരി..2