തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ ആർമി റിക്രൂട്ട്മെന്റ് എഴുത്ത് പരീക്ഷയ്ക്കിടെ വ്യാജ പട്ടാള വേഷത്തിലെത്തിയ യുവാവ് കുടുങ്ങി.. തമിഴ്നാട് മധുര സ്വദേശി മധുമോഹൻ രാജിനെയാണ് ( 25)മിലിട്ടറി ഇന്റലിജൻസ് പിടി കൂടി പൂജപ്പുര പൊലീസിന് കൈമാറിയത്.
സൈനികർ ഉപയോഗിക്കുന്ന പച്ച കലർന്ന ടീ ഷർട്ടും ബൂട്ടും ധരിച്ചാണ് മധുമോഹൻ എത്തിയത്.
സൈന്യത്തിലേക്കുള്ള എഴുത്ത് പരീക്ഷയ്ക്ക് പരിശീലനം നൽകുന്നതിന് താൻ തമിഴ്‌നാട്ടിൽ പരിശീലനകേന്ദ്രം നടത്തുന്നുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ഉദ്യോഗാർത്ഥികളെ കാൻവാസ് ചെയ്തിരുന്നത്. സൈനികനെന്ന പേരിലാണോ സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മധുരയിലും അന്വേഷണം നടത്തും. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആർമി റിക്രൂട്ട്മെന്റ് റാലി നടക്കുന്ന സ്ഥലങ്ങളിലെത്തി കായികക്ഷമതാ പരീക്ഷയിൽ പാസാകുന്ന ഉദ്യോഗാർത്ഥികളെ നേരിട്ടും സമീപിക്കാറുണ്ട്. വിരമിച്ച പട്ടാള ഉദ്യോഗസ്ഥരാണ് തന്റെ സ്ഥാപനത്തിൽ പഠിപ്പിക്കുന്നതെന്നും വിജയം ഉറപ്പാണെന്നും അവരെ വിശ്വസിപ്പിക്കും.10,000 രൂപയാണ് ഫീസ്. ഇതിൽ 5000 രൂപ ആദ്യവും ശേഷിക്കുന്ന 5000 രൂപ എഴുത്ത് പരീക്ഷ പാസായ ശേഷവും നൽകണം. പ്രലോഭനത്തിൽ വീഴുന്ന ഉദ്യോഗാർത്ഥികൾ കോച്ചിംഗ് സെന്ററിൽ ചേരും. നിരവധി പേർ കബളിപ്പിക്കപ്പെട്ടതായി സംശയിക്കുന്നുവെന്ന് പൂജപ്പര ഗ്രേഡ് എസ്.ഐ ബൈജു പറഞ്ഞു.
ഇന്നലെ പരീക്ഷ എഴുതിയവരിൽ 18 പേർ മധുമോഹന്റെ സ്ഥാപനത്തിൽ പരിശീലനം നേടിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗാർത്ഥികളാരും പരാതിപ്പെടാത്തതിനാൽ ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.
പിടിയിലായത്
അപകടത്തിനിടെ
മധുരയിൽ നിന്ന് സ്വന്തം കാറിലാണ് മധുമോഹൻ തിരുവനന്തപുരത്തെത്തിയത്. മിലിട്ടറി ക്യാമ്പിന് സമീപത്ത് വച്ച് കാർ സ‌്കൂട്ടറിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ഇയാൾ പിടിയിലായത്. പട്ടാള യൂണിഫോമിലായിരുന്ന മധുമോഹൻ നാട്ടുകാരുമായി തർക്കിച്ചപ്പോൾ കാവൽ ജോലിയിലുണ്ടായിരുന്ന പട്ടാളക്കാർ ഇടപെട്ടു. തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടർന്നാണ് ഇയാളെയും കാറും കസ്റ്റഡിയിലെടുത്തത്. .