വക്കം: സർക്കാരിന്റെ അവഗണനയിൽ ഒരു സർക്കാർ സ്കൂൾ. നിലയ്ക്കാമുക്ക് യു.പി സ്കൂളിനാണ് ഈ ദുരവസ്ഥ. നാട്ടിൽ സ്കൂളുകൾ ഹൈടെക്കായി മാറുമ്പോൾ 100 വർഷം പഴക്കമുള്ള ഈ സ്കൂളിന് പറയാൻ ഇല്ലായ്മകൾ മാത്രം. നിലവിൽ പുതിയ കെട്ടിടം നിർമ്മിക്കാനും സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല.
12 വർഷങ്ങൾക്ക് മുൻപ് ഒരോ ക്ലാസുകളിലും മൂന്നും, നാല് ഡിവിഷൻ ഉണ്ടായിരുന്നു. ഇപ്പോൾ മൊത്തം 200 കുട്ടികളായി ചുരുങ്ങി. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് മദ്യ വില്പന ശാല ആരംഭിച്ചതോടെയാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത്.
നിരവധി തവണ നാട്ടുകാരും, രക്ഷിതാക്കളും സ്ഥലം എം.എൽ.എയോടും, എം പിയോടും സ്കൂളിനുവേണ്ടി വേണ്ടി പുതിയ കെട്ടിടങ്ങളും, അടിസ്ഥാനസൗകര്യങ്ങളും ആവശ്യപ്പെട്ടു നിവേദനം നൽകി. സ്കൂളിൽ കുട്ടികളുടെ എണ്ണം കൂടിയാൽ മാത്രമേ പുതിയ കെട്ടിടങ്ങൾ കെട്ടുവാൻ സാധിക്കൂ എന്നാണ് സത്യൻ എം.എൽ.എയുടെ അഭിപ്രായം. നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഈ സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ഒരുക്കുകയാണെങ്കിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ ഒരുക്കമാണ്. ഇപ്പോൾ കുട്ടികളുടെ പാർക്കിന്റെ അവസ്ഥ വളരെ ശോചനീയമാണ്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ആണ് ഈ സ്കൂളിലെ ക്ലാസുകൾ. ഈ സ്ഥിതി തുടരുകയാണെങ്കിൽ സ്കൂൾ അടച്ചു പൂട്ടേണ്ടി വരും. സ്കൂളിന് അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിടങ്ങളും ഒരുക്കി സ്കൂൾ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.