thirunandhikkara

കുഴിത്തുറ: ചരിത്രപ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ കന്യാകുമാരി ജില്ലയിലെ തിരുനന്തിക്കര ക്ഷേത്രം വർഷങ്ങൾക്കുശേഷം കുംഭാഭിഷേകത്തിനായി ഒരുങ്ങി. കുലശേഖരം - പേച്ചിപ്പാറ പാതയിലെ തിരുനന്തിക്കര ഗ്രാമത്തിലുള്ള നന്ദീശ്വര ക്ഷേത്രം പ്രസിദ്ധമായ 12 ശിവാലയ ക്ഷേത്രങ്ങളിൽ നാലാമത്തേതാണ്. ജൈനമത ആരാധന കേന്ദ്രമായിരുന്ന തിരുനന്തിക്കര ഗുഹാക്ഷേത്രത്തിനരികിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നന്ദിയറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളീയ വാസ്തു ശില്പ മാതൃകയിലാണ് പണിതിട്ടുള്ളത്. ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരുനന്തിക്കര ഗുഹാക്ഷേത്രത്തിനരികിലുള്ള ശിവലിംഗം മൂലപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രത്തിൽ നന്ദിക്ക് പ്രാധാന്യം ഏറെയാണ്. ശ്രീകോവിലിന് മുന്നിലായി പണിതിട്ടുള്ള നക്ഷത്രമണ്ഡപം ഏറെ വാസ്തു ശില്പ പ്രത്യേകതയുള്ളതാണ്. കന്യാകുമാരി ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം പരിചരണമില്ലാതെ ശ്രീകോവിലിന്റെയും നക്ഷത്രമണ്ഡപത്തിന്റെയും ചുറ്റമ്പലത്തിന്റെയും മേൽക്കൂര തകർന്ന അവസ്ഥയിലായിരുന്നു. 2015ലാണ് ശ്രീകോവിൽ നവീകരണത്തിനായി ദേവസ്വം തുക അനുവദിച്ചത്. തുടർന്ന് മറ്റു നവീകരണ പ്രവർത്തനങ്ങൾക്കും തുക അനുവദിക്കുകയായിരുന്നു. സേവാസമിതിയുടെ സഹകരണത്തോടെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുംഭാഭിഷേകത്തിന് ഒരുങ്ങുന്നത്. കുംഭാഭിഷേക പൂജകൾ എല്ലാം ഇന്ന് മുതൽ ആരംഭിക്കും. പ്രത്യേക പൂജകൾ 30 വരെ തുടരും

പൂർത്തിയാക്കിയത്

ക്ഷേത്രത്തിന്റെ ചെപ്പുപുര

ചുറ്റ്ചുമർ

നന്ദിമണ്ഡപം

കുംഭാഭിഷേകം 26ന്

രാവിലെ 9:50നും 10:50നും മദ്ധ്യേ

മാർത്താണ്ഡത്തിൽ നിന്ന് 15 കിലോമീറ്റർ

തിരുവന്തപുരത്തിൽ നിന്ന് 60കിലോമീറ്റർ

ക്ഷേത്ര നവീകരണം ആരംഭിച്ചത് 2015 മുതൽ

ചെലവായത് 1 കോടി രൂപ

ഏകദേശം ഒരുകോടിരൂപയോളം ക്ഷേത്ര നവീകരണത്തിനായി തമിഴ്നാട് ദേവസംബോർഡ്‌ അനുവദിച്ചു. പണികൾ എല്ലാം പൂർത്തിയായതിനാലാണ് കുംഭാഭിഷേകത്തിന് ഒരുങ്ങിയത് - സെന്തിൽകുമാർ (ക്ഷേത്ര ശ്രീകാര്യം)