jagathy-sreekumar

തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യചക്രവർത്തി ജഗതി ശ്രീകുമാർ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാമറയ്ക്ക് മുന്നിലെത്തി. ഗോകുലം ഗ്രൂപ്പിന്റെ പരസ്യചിത്രത്തിലാണ് വീണ്ടും 'അമ്പിളിക്കല തെളിയുന്നത്. ജഗതി ശ്രീകുമാറിന്റെ ജീവിത പശ്ചാത്തലം തന്നെയാണ് പരസ്യചിത്രത്തിന്റെ പ്രമേയം. കൂടെ അഭിനയിക്കുന്നതാകട്ടെ ഗോകുലം ഗോപാലനും. ഇവർ തമ്മിലുള്ള ചില സീനുകൾ തിരുവനന്തപുരം ഗവ. വനിതാകോളജിൽ വച്ച് കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.

സംവിധായകൻ കട്ട് പറഞ്ഞിട്ടും നിറുത്താതെ ഗോകുലം ഗോപാലൻ സംസാരിച്ചുകൊണ്ടേയിരുന്നു; ചെറുചിരിയോടെ അരികിൽ ജഗതി ശ്രീകുമാറും. പഴയ വിന്റേജ് കാറിലിരുന്നാണ് ഇരുവരുടെയും സൗഹൃദ സംഭാഷണം. ഡയലോഗ് പറഞ്ഞില്ലെങ്കിലും ആക്ഷൻ പറയുമ്പോൾ ജഗതിയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമറഞ്ഞു. ജഗതി ശ്രീകുമാറിനെ പഴയ പ്രസരിപ്പിലേക്കും അഭിനയത്തിലേക്കും തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യംകൂടി ഈ പരസ്യചിത്രത്തിനുണ്ട്.

പഠിച്ച കലാലയത്തിലേക്ക് ജഗതിശ്രീകുമാർ മടങ്ങിവരുന്നതും സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരുന്നതുമാണ് ഒന്നരമിനിട്ടുള്ള ചിത്രത്തിലുള്ളത്. ജഗതിയുടെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത് മകൻ രാജ്കുമാർ ആണ്. സിധിൻ ആണ് സംവിധായകൻ.

മാർ ഇവാനിയോസ് കോളേജിൽ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അദ്ധ്യാപികയായിരുന്ന മെഴ്സി ടീച്ചറും ചിത്രത്തിൽ അഭിനയിക്കാൻ എത്തി. ലോകത്തെവിടെയുമുള്ള മലയാളികൾ ആഗ്രഹിക്കുന്നതുപോലെ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായുള്ള തന്റെ ശ്രമം ആണ് ഈ പരസ്യചിത്രമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ഒരുദിവസം മുഴുവൻ നീണ്ട ചിത്രീകരണത്തിൽ ജഗതി ക്ഷീണമേതുമില്ലാതെ സന്തോഷവാനായാണ് സഹകരിച്ചത്.