മലയിൻകീഴ് : പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരിയുടെ പേരക്കുട്ടിക്ക് തുള്ളിമരുന്ന് നൽകിയശേഷം സുരേഷ്കുമാർ-സുനിതകുമാരി ദമ്പതികളുടെ ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു മക്കളായ അഭിരാമി, അർജുൻ, അശ്വതി എന്നിവർക്കും മന്ത്രി തുള്ളിമരുന്ന് നൽകി. തുടർന്ന് നടന്ന യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ജനപ്രതിനിധികളായ കെ. ഗിരിജ, ആർ.ബി. ബിജുദാസ്, എൽ. അനിത, ഷീല, മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ഇരുപത്തിനാലായിരം കേന്ദ്രങ്ങളിലായി 25000 കുഞ്ഞുങ്ങൾക്ക് ഇന്നലെ പൾസ് പോളിയോ തുള്ളിമരുന്ന് നൽകി.