വർക്കല: ഇലകമൺ വട്ടവിളവീട്ടിൽ സംഗീതയുടെ തുടർ ചികിത്സയ്ക്ക് പ്രവാസി കൂട്ടായ്മയായ ടീം വർക്കലയുടെ കൈത്താങ്ങ്. സാംസ്കാരിക പ്രവർത്തകരും പ്രവാസികളുമായ യുവാക്കളുടെ കൂട്ടായ്മയായ വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ചികിത്സാ സഹായം സ്വരൂപിച്ചത്. ദുരിതങ്ങളുടെ നടുക്കയത്തിൽ പെട്ടുപോയ സംഗീതയുടെ ജീവിതത്തെക്കുറിച്ച് ദുരിതക്കയത്തിൽ സംഗീതയും കുടുംബവും എന്ന തലക്കെട്ടോടെ ജനുവരി 6ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സംഗീതയ്ക്ക് ചികിത്സാ സഹായവുമായി സുമനസുകൾ മുന്നോട്ട് വന്നത്. അയൽവാസിയായ വീട്ടമ്മയാണ് സംഗീതയുടെ രോഗവും ദുരിതവും നവമാദ്ധ്യമങ്ങളിലൂടെ ആദ്യം പുറം ലോകത്തെ അറിയിച്ചത്. കേരള കൗമുദിയിലെ വാർത്തകൂടി വന്നതോടെ വിവിധ ജീവകാരുണ്യ സംഘടനകൾ സഹായവുമായെത്തുകയും ചെയ്തു. ടീം വർക്കല വാട്സ് ആപ്പ് ഗ്രൂപ്പ് സമാഹരിച്ച 83,000 രൂപയുടെ ചെക്ക് ടീം വർക്കലയുടെ പ്രവർത്തകർ സംഗീതയുടെ വീട്ടിലെത്തി കൈമാറി. ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ് ചെക്ക് സംഗീതയ്ക്ക് നൽകി. ടീം വർക്കലയുടെ പ്രവർത്തകരായ ഷെറിൻ, സൈഫ്, നബീൽ, ആരിഷ്, അൻസാർ, മംഗല്യ,സാമൂഹ്യ പ്രവർത്തകരായ അഡ്വ. നിയാസ്, എ. സലാം, വിനീത് എന്നിവർ പങ്കെടുത്തു.
വർക്കല എസ്.എൻ. കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മക്കൂട്ട് 2003ന്റെ ഭാരവാഹികൾ സ്വരൂപിച്ച തുകയും സംഗീതയുടെ മാതാവിന് കൈമാറി. രെജു ആറ്റിങ്ങലാണ് തുക കൈമാറിയത്. ജാസ്മിൻ, ഹേമ, ഡെയ്മ, ഫൈസൽ എന്നിവരും സംബന്ധിച്ചു.