നെടുമങ്ങാട്: പാലിനു നിശ്ചിത വില ലഭിക്കാതെയും പുല്ലും വെള്ളവും മരുന്നും കിട്ടാതെയും കന്നുകാലി പരിചരണം പ്രതിസന്ധിയിൽ. വേനൽ കടുത്തതോടെ തീറ്റ ലഭ്യതയിലുണ്ടായ വൻ ഇടിവ് കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. പുല്ലിന്റെ ലഭ്യത തീരെ കുറഞ്ഞു. തീറ്റപുല്ല്‌ കൃഷിക്ക് സർക്കാർ പദ്ധതി ഒരുക്കിയിട്ടുണ്ടെങ്കിലും 30 സെന്റിൽ കൂടുതൽ വസ്തു ഉള്ളവർക്കേ പ്രയോജനമുള്ളു. സെന്റ് ഒന്നിന് 10 രൂപ നിരക്കിൽ രജിസ്‌ട്രേഷൻ ചെയ്‌താൽ പുൽക്കടയും കൃഷി ചെയ്യാൻ സെന്റ് ഒന്നിന് 50 രൂപയും നൽകുന്ന പദ്ധതിയാണ് സാധാരണ കർഷകർക്ക് ഗുണമില്ലാതെ പോകുന്നത്. 80 രൂപ മുടക്കി രജിസ്റ്റർ ചെയ്‌താൽ പായൽതീറ്റ (അസോള) നല്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും കൃഷിയിടം സംബന്ധിച്ച മാനദണ്ഡം ഇവിടെയും വില്ലനാണ്. ഗ്രാമ, വാർഡ് സഭകളിൽ തീറ്റയ്ക്കും പുല്ല് കൃഷിക്കും കർഷകരുടെ പേര് ഉൾപ്പെടുത്താറുണ്ടെങ്കിലും പശുവളർത്തൽ ഇല്ലാത്തവരാണ് ആനുകൂല്യം കൈപ്പറ്റുന്നതെന്ന് പരാതിയുണ്ട്. കന്നുകുട്ടികളെ സർക്കാർ ദത്തെടുത്ത് പാതി വിലയിൽ തീറ്റ നൽകുന്ന സ്കീമുകളും കർഷകരിലേയ്ക്ക് എത്തിയിട്ടില്ല. പശുക്കുട്ടി ജനിച്ചാൽ മൃഗാശുപത്രിയിൽ രജിസ്റ്റർ ചെയ്യണമെന്ന് പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേർക്കും അറിയില്ല.

ഗുണമേന്മയെ ആശ്രയിച്ച് പാലിന് വില നിശ്ചയിക്കുന്ന അധികൃതർ കർഷകരുടെ അദ്ധ്വാനത്തിന് തെല്ലും വില കല്പിക്കുന്നില്ലെന്ന പരാതി ശക്തമാണ്. സങ്കരയിനത്തിൽപ്പെട്ട ജഴ്‌സി, എച്ച്.എഫ് എന്നീ രണ്ടുതരം പശുക്കളാണ് നെടുമങ്ങാട് താലൂക്കിലെ കർഷകർ വളർത്തുന്നത്. രണ്ടാമത്തെ ഇനത്തിലെ പശുക്കളിലാണ് പാൽ അളവ് കൂടുതൽ. ഗുണമേന്മയെ അടിസ്ഥാനമാക്കിയുള്ള പശുവളർത്തൽ പരിചിതമല്ലാത്ത കർഷകർ രണ്ടുതരം പശുക്കളെയും പൊട്ടുന്നുണ്ട്. ഇവയുടെ പാൽ വിലയിളുള്ള വലിയ വ്യത്യാസം പലർക്കും അറിയില്ല.

കറവയുടെ അവസാന ഘട്ടത്തിലാണ് ഗുണമേന്മ കൂടിയ പാൽ ലഭിക്കുന്നത്. എന്നാൽ, കന്നുക്കുട്ടികളെ വിട്ട് അവസാന ഭാഗത്തെ പാൽ കുടിപ്പിക്കുന്ന രീതിയാണ് കർഷകർ പരമ്പരാഗതമായി പിന്തുടർന്ന് പോരുന്നത്. ഗുണമേന്മയുള്ള പാൽ സംഭരിക്കാൻ ആവശ്യമായ മാർഗ നിർദേശവും പരിശീലനവും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ക്ഷീരകൃഷി നടത്തുന്ന കർഷകർക്ക് ആവശ്യമായ മാർഗ നിർദേശം നൽകാൻ സംവിധാനം ഉണ്ടാകണമെന്നാണ് പൊതു ആവശ്യം.

 'കൗമുദീയം" ക്ഷീരകർഷക കൂട്ടായ്മ 30 ന്

നെടുമങ്ങാട്: ക്ഷീര കർഷകരുടെ ദുരിതം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ കേരളകൗമുദി ക്ഷീരകർഷക കൂട്ടായ്മ നടത്തും. 'കൗമുദീയം" കർഷക സംഗമം 30ന് രാവിലെ 10ന് നെടുമങ്ങാട് റവന്യു ടവർ അങ്കണത്തിൽ നടക്കും. നെടുമങ്ങാട് താലൂക്കിലെ 25 മാതൃകാ ക്ഷീരകർഷക ദമ്പതികളെയും മികച്ച ക്ഷീരസംഘം ഭാരവാഹികളെയും സംഗമത്തിൽ ആദരിക്കും. നെടുമങ്ങാട് ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫീസർ വി.ഒ. ബിജു, സീനിയർ വെറ്ററിനറി സർജൻ ഡോ. അനിൽകുമാർ എന്നിവർ സംശങ്ങൾക്ക് മറുപടി നല്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉപഹാര സമർപ്പണം നടത്തും. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ക്ഷീരോത്പാദക സംഘം പ്രസിഡന്റുമാരും പങ്കെടുക്കും. കൃഷി ഓഫീസർ എസ്. ജയകുമാർ മോഡറേറ്ററാവും. കൂട്ടായ്മയിൽ പങ്കെടുക്കുന്ന ക്ഷീരകർഷകർ 9946108375 എന്ന നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.