തിരുവനന്തപുരം: അർഹമായ ധനസഹായങ്ങൾ നിഷേധിക്കുന്നതടക്കം കേരള സർക്കാരിനോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
നിഷേധാത്മകവും വിവേചനപരവുമായ സമീപനമാണ് കേരളത്തോട് കേന്ദ്രം കാട്ടുന്നത്. വായ്പാപരിധി 24,915കോടിയായിരുന്നത് 16,602 കോടിയായി വെട്ടിച്ചുരുക്കി. പൊതുകടം നിയന്ത്രിക്കാനെന്ന പേരിലാണിത്. ഡിസംബർ മാസത്തെ ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ 1600 കോടി ഇതുവരെ നൽകിയില്ല. തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശികയിനത്തിൽ 1215കോടിയും നെല്ല് സംഭരണത്തിന്റെ വകയിൽ 1035കോടിയും നൽകാനുണ്ട്. പ്രളയദുരന്തത്തിൽ നഷ്ടപരിഹാരമായി കേരളം 2100കോടിയുടെ കണക്ക് സമർപ്പിച്ചിട്ടും ഒന്നും നൽകിയില്ല.
ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കണം. അവിടെ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയനേതാക്കളടക്കം മുഴുവൻ പേരെയും വിട്ടയക്കണം. ഇന്റർനെറ്റടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കണം. പൗരാവകാശങ്ങൾക്കേർപ്പെടുത്തിയ വിലക്ക് പിൻവലിക്കണം. രാജ്യത്ത് കാശ്മീരിലടക്കം ചെറുപ്പക്കാരെയും മറ്റും ലക്ഷ്യമിട്ട് പരിവർത്തന ക്യാമ്പുകൾ തുടങ്ങണമെന്നും ഇപ്പോൾ തന്നെ അവ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള ദേശീയ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ജമ്മു-കാശ്മീരിൽ അത്തരം ക്യാമ്പുകളുണ്ടോയെന്ന് മോദിസർക്കാർ വിശദീകരിക്കണമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.