പോത്തൻകോട്: സ്വാമി ശാശ്വതികാനന്ദയുടെ 70-ാമത് ജയന്തി ആഘോഷം ഫെബ്രുവരി 21ന് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. കൊല്ലം ബാലഭവനിൽ ചെയർമാൻ കെ.എസ്. ജ്യോതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഒൻപത് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലായിരിക്കും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഈ ജില്ലകളിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. സാമൂഹിക -രാഷ്ട്രീയ രംഗത്തുള്ളവരെയും കലാപ്രതിഭകളെയും പങ്കെടുപ്പിച്ചുകൊണ്ട് ജയന്തി വിപുലമായി ആഘോഷിക്കുമെന്ന് ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.