ചട്ടലംഘനം ഇല്ലെന്ന് സർക്കാർ
നിയമോപദേശം തേടിയശേഷം മുഖ്യമന്ത്രി മറുപടി നൽകും
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ താനറിയാതെ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടലംഘനം തന്നെയെന്ന് ഉറച്ചുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് രേഖാമൂലം വിശദീകരണം തേടി. സർക്കാരിന്റേത് ഭരണഘടനയും ചട്ടവും ലംഘിച്ചുള്ള നടപടിയാണെന്നും ഇതിൽ കാഴ്ചക്കാരനായി നോക്കി നിൽക്കാനാകില്ലെന്നും ഇന്നലെ വൈകിട്ട് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു.
ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതിൽ നിയമ ലംഘനം ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
എന്നാൽ ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഗവർണറുടെ മുൻകൂർ അനുമതി തേടേണ്ടെന്ന നിലപാടിലാണ് സർക്കാർ. നിയമോപദേശം തേടിയ ശേഷം മുഖ്യമന്ത്രി വൈകാതെ ഗവർണർക്ക് മറുപടി നൽകും. എങ്കിലും ചട്ടം ലംഘിച്ചെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന ഗവർണറുടെ തുടർനടപടികളിലേക്ക് രാജ്യമാകെ ഉറ്റുനോക്കുന്ന നിലയായി.
കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തതിനെ പറ്റി വിശദമായ റിപ്പോർട്ട് നൽകാനാണ് ദൂതൻ വശം കൊടുത്തയച്ച നോട്ടീസിൽ ചീഫ്സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി നൽകാനിടയായ സാഹചര്യം വ്യക്തമാക്കണം. ഗവർണറെ അറിയിക്കാതിരുന്നത് നടപടിച്ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അതിന് വിശദീകരണം വേണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരേ കോടതിയെ സമീപിക്കുമ്പോൾ കേന്ദ്രസർക്കാർ പ്രതിനിധിയായ ഗവർണറെ ധരിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർവാദം. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധികൾ ഉൾപ്പെടെ മറുപടിയിൽ ഉൾക്കൊള്ളിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വിഷയം ഇന്നത്തെ മന്ത്രിസഭായോഗത്തിന് മുന്നിലെത്താനും സാദ്ധ്യതയുണ്ട്. നിയമസഭാ സമ്മേളനം വിളിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ചേരേണ്ട പതിവ് മന്ത്രിസഭാ യോഗം ഇന്ന് ചേരാനാണ് നേരത്തേ തീരുമാനിച്ചിട്ടുള്ളത്.
പൗരത്വഭേദഗതി നിയമത്തിലും തദ്ദേശ സ്ഥാപന വാർഡ് വിഭജന ഓർഡിനൻസിലും ഗവർണറും സംസ്ഥാന സർക്കാരും രണ്ട് തട്ടിലാണ്. എന്നാൽ, ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാസമ്മേളനം ആരംഭിക്കേണ്ടതിനാൽ ഗവർണറെ പ്രകോപിപ്പിക്കാതെ കരുതലോടെയുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. ഇന്ന് വൈകിട്ട് വീണ്ടും ഉത്തരേന്ത്യയിലേക്ക് തിരിക്കുന്ന ഗവർണർ 23നേ തിരുവനന്തപുരത്ത് മടങ്ങിയെത്തൂ.