ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കം
മെൽബൺ : കാട്ടുതീയുടെ നീരാളി കൈകളിൽ നിന്ന് കരകയറുന്ന ആസ്ട്രേലിയയിൽ ഇനി ടെന്നിസിന്റെ പേമാരിക്കാലം. ഇപ്പോഴും കനത്ത പുകയും കൊടും ചൂടും മാറിയിട്ടില്ലാത്ത മെൽബണിൽ ഈ സീസണിലെ ആദ്യ ഗ്രാൻസ്ളാമായ ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ആദ്യ ദിവസമായ ഇന്ന് മുൻനിര താരങ്ങളായ നൊവാക്ക് ജോക്കോവിച്ച്, റോജർ ഫെഡറർ, നവോമി ഒസാക്ക, സെറീന വില്യംസ് എന്നിവരൊക്കെ കളത്തിലിറങ്ങുന്നുണ്ട്.
പുരുഷ സിംഗിൾസിൽ നൊവാക്കും വനിതാസിംഗിൾസിൽ നവോമിയുമാണ് നിലവിലെ ചാമ്പ്യൻമാർ.
ആസ്ട്രേലിയയിലെ കാട്ടുതീ ഏറെക്കുറെ നിയന്ത്രണ വിധേയമായെങ്കിലും അതുയർത്തി വിട്ട പാരിസ്ഥിത പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. ആസ്ട്രേലിയൻ ഓപ്പണിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ പലതും മോശം അന്തരീക്ഷാവസ്ഥ മൂലം തടസപ്പെട്ടിരുന്നു. മത്സരത്തിനിടെ ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് ചില താരങ്ങൾ പിൻമാറുകയും ചെയ്തു. ടൂർണമെന്റിന്റെ ഭാവിയെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പാരിസ്ഥിതിക പ്രശ്നങ്ങളെങ്കിലും മുന്നോട്ടു തന്നെ പോകാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.
പുരുഷ വനിതാ വിഭാഗങ്ങളിൽ വർഷങ്ങളായി തുടരുന്ന കുത്തകകൾ അവസാനിപ്പിക്കാൻ യുവനിരയ്ക്ക് കഴിയുമോ എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്. പുരുഷ സിംഗിൾസിൽ നൊവാക്ക്, റാഫേൽ, നദാൽ, റോജർ ഫെഡറർ ത്രയത്തിന് അപ്പുറത്തേക്ക് പുതിയ ചാമ്പ്യനെ കണ്ടെത്താൻ കഴിയുമോ എന്നത് ഒരു ചോദ്യമാണ്. സ്റ്റെഫാനോസ് സിസ്റ്റിപ്പാസ്, ഡൊമിനിക്ക് തീം, ഡാനിൽ മെദ്‌വദേവ് തുടങ്ങിയ അട്ടിമറി വീരൻമാരെയാണ് വമ്പൻമാർ ഭയക്കുന്നത്. നൊവാക്ക് തന്നെയാണ് ടോപ് സീഡായി മത്സരിക്കുന്നത്. സീഡിംഗിൽ നദാൽ രണ്ടാമതും ഫെഡറൽ മൂന്നാമതുമാണ്.
വനിതാവിഭാഗത്തിൽ ആഷ്‌ലി ബാർട്ടിയാണ് ടോപ് സീഡ്. കരോളിന പ്ലിസ്‌കോവ രണ്ടാം സീഡാകുമ്പോൾ നിലവിലെ ചാമ്പ്യൻ നവോമി മൂന്നാം സീഡാണ്. സിമോണ ഹാലെപ്പ്, എലീന സ്വിറ്റോളിന, ബെലിൻഡ ബെൻസിച്ച്, പെട്ര ക്വിറ്റോവ, സെറീന വില്യംസ് തുടങ്ങിയവർ പിന്നാലെയുണ്ട്. മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ വൈൽഡ് കാർഡുമായി മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.
അമ്മയായി സാനിയ
മകന് ജന്മം നൽകിയശേഷം ഇന്ത്യൻ താരം സാനിയ മിർസ ആദ്യമായി എത്തുന്ന ഗ്രാൻസ്ളാം ടൂർണമെന്റാണിത്. വനിതാ ഡബിൾസിൽ ഉക്രെനിയൻ താരം നദിയ കിച്ചെനോക്കിനൊപ്പം ഹൊബാർട്ട് ഓപ്പൺ നേടിയ സാനിയ മെൽബണിലും ഈ പങ്കാളിയെ നിലനിറുത്തും. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയാണ് സാനിയയുടെ പങ്കാളി. നേരത്തേ രാജീവ് റാമിനൊപ്പം കളിക്കാനാണ് സാനിയ തീരുമാനിച്ചിരുന്നതെങ്കിലും രാജീവ് പരിക്കുമൂലം പിൻമാറിയതിനാൽ ബൊപ്പണ്ണയ്ക്കൊപ്പം ചേരുകയായിരുന്നു. 2016ൽ മാർട്ടിന ഹിംഗിസിനൊപ്പം സാനിയ ഇവിടെ ഡബിൾസ് കിരീടം നേടിയിരുന്നു.
108
-ാമത് എഡിഷൻ ആസ്ട്രേലിയൻ ഓപ്പണിനാണ് ഇന്ന് തുടക്കമാകുന്നത്.
20.15
കോടി ഇന്ത്യൻ രൂപ വീതമാണ് പുരുഷ/വനിതാ സിംഗ്സ് ഫൈനൽ വിജയികൾക്ക് ലഭിക്കുക.
''സ്വപ്നങ്ങൾ തേടിയിറങ്ങുന്ന ഓരോ സ്ത്രീക്കും എന്റെ ഒരു വിജയമെങ്കിലും പ്രചോദനമാകുമെങ്കിൽ അതുമതി.''
സാനിയ മിർസ