തിരുവനന്തപുരം : ഒന്നര പതിറ്റാണ്ടു കാലം മാദ്ധ്യമലോകത്ത് ജൈത്രയാത്ര പൂർത്തിയാക്കിയ കേരളകൗമുദി ഫ്ലാഷിന്റെ വിജയഭേരി മുഴക്കി കൗമുദി നൈറ്റ് 2020 സംഗീത ശ്രീരാഗം അനന്തപുരിയിൽ അരങ്ങേറി. സംഗീതവും താളമേളവും നൃത്തവും സമന്വയിച്ച ആഘോഷരാവാണ് രാജധാനി ഗ്രൂപ്പ് മുഖ്യ സ്‌പോൺസറായി കേരളകൗമുദി അണിയിച്ചൊരുക്കിയ കൗമുദി നൈറ്റ് കാണികൾക്ക് സമ്മാനിച്ചത്. സംഗീതലോകത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസന്ധ്യയിൽ പ്രേക്ഷകരും ലയിച്ചു.
ഇന്നലെ വൈകിട്ട് 6.30ന് കവടിയാർ ഗോൾഫ് ലിങ്ക്സിലെ ഉദയാപാലസ് കൺവെൻഷൻ സെന്ററിലായിരുന്നു ആഘോഷരാവിന് അരങ്ങ് ഉണർന്നത്. നേമം ധന്വന്തരി കളരി പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. മന്ത്രി ഇ.പി.ജയരാജൻ കൗമുദി നൈറ്റിന് തിരി തെളിച്ചു. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, വി.കെ.പ്രശാന്ത്, കേരളകൗമുദി ഡയറക്ടർ ശൈലജ രവി, മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർകുമാർ എന്നിവർ പങ്കെടുത്തു.
കൗമുദി നൈറ്റ് 2020യുടെ സ്‌പോർണർമാരെ മന്ത്രി ഇ.പി.ജയരാജൻ ഉപഹാരം നൽകി ആദരിച്ചു.
മുഖ്യ സ്‌പോൺസറായ രാജധാനി ഗ്രൂപ്പ് ഡയറക്ടർ നന്ദു, സഹ സ്‌പോൺസർമാരായ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആർ.എസ്.സാബു, സഫയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാർ, കസവുമാളിക എം.ഡി സുരേന്ദ്ര ദാസ്, നിംസ് ഹാർട്ട് ഫൗണ്ടേഷൻ മെഡിക്കൽ കോ-ഓർഡിനേറ്റർ ഡോ.മഞ്ജു തമ്പി, റേഡിയോ പാർട്ണർ ബി.എഫ് എമ്മിനു വേണ്ടി കിടിലം ഫിറോസ് എന്നിവർ മന്ത്രിയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. സഫയർ സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള കേരളകൗമുദിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.അജിത് കുമാർ സ്വാഗതവും കേരളകൗമുദി ഇവന്റ് ആൻഡ് ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി.റെജി നന്ദിയും പറഞ്ഞു.
തുടർന്ന് എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സംഗീത തേൻമഴയായി ശ്രീ രാഗം പെയ്തിറങ്ങി. പിന്നണി ഗായകരായ റഹ്മാൻ, ടീനു ടെല്ലൻസ്, ശ്രയ ജയദീപ്, ഷെയ്ഖ, ഗൗരി എന്നിവരും അണിനിരന്നു. ഗിന്നസ് റെക്കാഡ് ജേതാവ് സജീഷ് മുഖത്തലയുടെ സാഹസിക പ്രകടനം, നൃത്തരംഗത്തെ നൂതന ശൈലികൾ അണിനിരത്തി സെറീനാസ് ഗ്രൂപ്പിന്റെ ജഗ്ലിംഗ് ആൻഡ് പോൾ ഡാൻസ് എന്നിവയും അരങ്ങേറി. പാട്ടിനപ്പുറം താളമേളവും നൃത്തവും സമ്മേളിച്ച കലാസന്ധ്യ പുതുവർഷത്തിൽ തലസ്ഥാനവാസികൾക്ക് അവിസ്മരണീയമായ സായാഹ്നമാണ് സമ്മാനിച്ചത്.