cm
photo

തിരുവനന്തപുരം: ആർ.എസ്.എസ് അജൻഡയായ പൗരത്വ രജിസ്റ്റർ കേരളം നടപ്പാക്കില്ലെന്നും അതിനുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയ്ക്ക് അനുസൃതമായേ ഏതു നിയമവും നടപ്പാക്കാനാവൂ. ദേശീയ ജനസംഖ്യാ രജിസ്റ്ററില്ലെങ്കിൽ പൗരത്വ നിയമത്തിന് പ്രസക്തിയില്ല. കേരളത്തിൽ ഒരാളും പൗരത്വ നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. രാജ്യം മതനിരപേക്ഷമാകാൻ പാടില്ലെന്നതാണ് ആർ.എസ്.എസിന്റെ രൂപീകരണ കാലം മുതൽക്കുള്ള നയം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് ആർ.എസ്.എസിന്റെ ആഭ്യന്തര ശത്രുക്കൾ. ആഭ്യന്തര ശത്രുക്കളെ കൈകാര്യം ചെയ്യുന്നതിൽ അവരുടെ മാതൃക ഹിറ്റ്ലറാണ്. ജർമ്മനിയിൽ ജൂതന്മാരെയും ബോൾഷെവിക്കുകളെയും ഹിറ്റ്ലർ കൂട്ടക്കശാപ്പ് നടത്തിയതിനെ ലോകം മുഴുവൻ എതിർത്തപ്പോൾ ആർ.എസ്.എസ് ഹിറ്റ്ലറെ ശരി വച്ചു. ഈ നയത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷങ്ങൾക്കെതിരായ ഓരോ അജൻഡയും നടപ്പിലാക്കുന്നത്. മുസ്ലീങ്ങൾക്കു മാത്രം പ്രത്യേക നിയമമെന്നതാണ് ആർ.എസ്.എസിന്റെ നയം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധത്തിൽ ബി.ജെ.പിയും പ്രധാനമന്ത്രിയും ഒറ്റപ്പെട്ടു . തുടർന്നും യോജിച്ചുള്ള സമരത്തിനായി കേരളത്തിലെ പ്രതിപക്ഷമടക്കം എല്ലാവരേയും ക്ഷണിക്കുകയാണ്. യോജിച്ച സമരത്തിനെതിരെ ചില ചെറിയ മനസ്സുകൾ പ്രചാരണം തുടങ്ങിയത് കാര്യമാക്കുന്നില്ല. തർക്കിക്കേണ്ട വിഷയത്തിൽ തർക്കിക്കാം. എല്ലാവർക്കും അവരവരുടേതായ ശക്തിയുണ്ട്. അതിൽ ഊറ്റം കൊള്ളുന്നവരുമാണ്. എന്നാൽ ഇപ്പോൾ യോജിച്ച സമരമാണ് രാജ്യം ആവശ്യപ്പെടുന്നത്. ഒന്നിച്ചു നിൽക്കുമ്പോഴേ മഹാശക്തിയായി മാറാനാവൂ- മുഖ്യമന്ത്രി പറഞ്ഞു.