തിരുവനന്തപുരം: എം.ജി ശ്രീകുമാർ സംഗീത യാത്രയിൽ നാല് പതിറ്റാണ്ടു പിന്നിട്ടു തന്റെ ജൈത്രയാത്ര തുടരുമ്പോൾ കേരളകൗമുദി ഒരുക്കിയ കൗമുദി നൈറ്റ് 2020 'സംഗീത ശ്രീരാഗം ' വേറിട്ടൊരു അനുഭവമായിരുന്നു.മലയാളത്തിന്റെ ജനപ്രിയ ഗായകനെ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.' തന്റെ ജന്മസ്ഥലമായ തിരുവനന്തപുരത്ത് തന്നെ 40ാം വർഷം തുടങ്ങാൻ അവസരമൊരുക്കിയ കേരളകൗമുദിയോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാടിത്തുടങ്ങിയത്.

'സ്വാമിനാഥ പരിപാലയാ സുമാം' എന്ന ഗാനത്തോടെയായിരുന്നു തുടക്കം.പിന്നീട് 'ഒപ്പം'

എന്ന സിനിമയിലെ 'ചിന്നമ്മാ അടി കുഞ്ഞി പെണ്ണമ്മാ' എന്ന ഗാനം പാടി.താളം പിടിച്ചും ഏറ്റുപാടിയും

മലയാളത്തിന്റെ സ്വന്തം ശ്രീക്കുട്ടനെ സദസ് നെഞ്ചിലേറ്റി.

തുടർന്ന് പിന്നണി ഗായിക ടീനു ടെല്ലൻസിനൊപ്പം 'അന്തിപൊൻവെട്ടം കടലിൽ മുങ്ങിത്താഴുമ്പോൾ', 'മഴവിൽ കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി', അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' എന്നീ അനശ്വരഗാനങ്ങൾ പാടി. ഇതിനിടയിൽ ഒരു ഗായകനെന്ന നിലയിൽ തനിക്ക് ലഭിക്കാതെ പോയ നഷ്ടവും അദ്ദേഹം പങ്കുവച്ചു.

.സംഗീത സംവിധായകൻ സലീൽ ചൗധരിയുടെ ഗാനങ്ങൾ പാടാൻ സാധിച്ചില്ല എന്നതായിരുന്നു ആ ദുഖം.

അദ്ദേഹത്തോടുള്ള ആദരസൂചകമായി 'ഓർമകളേ...കൈവള ചാർത്തി' എന്ന ഗാനവും 'ശ്രീയുടെ'

ശബ്ദമാധുരിയിൽ ആസ്വാദകർ കേട്ടു. 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി', ശ്രേയ ജയദീപിനൊപ്പം 'അപ്പുക്കുട്ടാ തൊപ്പിക്കാരാ', എന്നീ ഗാനങ്ങളും അദ്ദേഹം പാടി. ഒടുവിൽ എല്ലാഗായകരും ചേർന്ന്

'പടകാളി ചണ്ഡി ചങ്കരി പോർക്കലി മാർഗിനി' എന്ന ഗാനം കൂടി പാടിയതോടെ സദസ് ഇളകി മറിഞ്ഞു.

നവ്യസംഗീതത്തിന്റെ മതിയാവാത്ത വിരുന്ന് തീർത്ത് അനുഗ്രഹീത ഗായകൻ വേദിയെ അനശ്വരമാക്കിയപ്പോൾ കണ്ണും മനസും നിറഞ്ഞ ആസ്വാദകരെയാണ് സംഗീത ശ്രീരാഗം കണ്ടത്.