ബാംഗ്ളൂർ : ആദ്യ ഏകദിനത്തിൽ തോറ്റിരുന്ന ഇന്ത്യ തുടർന്നുള്ള രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടി ആസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി. ഇന്നലെ ബംഗളുരുവിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 286/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 15 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കേ ലക്ഷ്യത്തിലെത്തി. മുൻ നായകൻ സ്റ്റീവൻ സ്മിത്തിന്റെ സെഞ്ച്വറിയുടെയും (131), ലബുഷാംഗെയുടെ അർദ്ധ സെഞ്ച്വറിയുടെയും മികവിലായിരുന്നു ഓസിസ് 286 ലെത്തിയത്. ഉപനായകൻരോഹിത് ശർമ്മയുടെയും (119) നായകൻ വിരാട് കൊഹ്ലിയുടെയും (89) തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ ഇന്ത്യ ഈസി വിക്ടറി ആഘോഷിക്കുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച രോഹിത് മടങ്ങിയശേഷം ക്യാപ്ടന് പിന്തുണ നൽകിയ ശ്രേയസ് അയ്യർ 35 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു. 128 പന്തുകളിൽ എട്ടു ഫോറും ആറ് സിക്സുകളും അടിച്ചുകൂട്ടിയ രോഹിതാണ് മാൻ ഒഫ് ദ മാച്ച്.
91 പന്തുകളിൽ എട്ട് ബൗണ്ടറികൾ പറത്തിയ കൊഹ്ലി 46-ാം ഓവറിൽ ടീം സ്കോർ 274 വരെ എത്തിച്ചശേഷമാണ് ഹേസൽ വുഡിന്റെ പന്തിൽ ബൗൾഡായത്.കൊഹ്ലി മാൻ ഒഫ് ദ സിരീസായി.
ടോസ് നേടിയെത്തിയ ആസ്ട്രേലിയൻ ഓപ്പണർമാരെ ആദ്യ പത്തോവറിനുള്ളിൽ പറഞ്ഞയയ്ക്കാനായതാണ് ഇന്ത്യയ്ക്ക് ഇന്നലെ പ്ളസ് പോയിന്റായത്. വാർണറെ (3) നാലാം ഓവറിൽ ഷമി തിരിച്ചയച്ചപ്പോൾ ഫിഞ്ചിനെ (19) ഒൻപതാം ഓവറിൽ ഷമി തന്നെ റൺ ഔട്ടാക്കുകയായിരുന്നു. ഇതോടെ 46/2 എന്ന നിലയിലായ കംഗാരുക്കളെ സ്മിത്തും ലബുഷാംഗെയും ചേർന്ന് വമ്പൻ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും കൃത്യ സമയത്ത് സഖ്യം തകർത്ത ഇന്ത്യൻ ബൗളർമാർ 300ന് മുകളിലെത്താൻ കംഗാരുക്കളെ അനുവദിച്ചില്ല.
127 റൺസ് കൂട്ടിച്ചേർത്ത ലബുഷാംഗെ - സ്മിത്ത് സഖ്യത്തെ 32-ാം ഓവറിൽ തകർത്തത് ജഡേജയാണ്. പിഞ്ച് ഹിറ്റായി ഇറങ്ങിയ മിച്ചൽ സ്റ്റാർക്ക് (0) ഡക്കായെങ്കിലും പിന്നാലെ എത്തിയ അലക്സ് കാരേയ് (35) സ്മിത്തിന് പിന്തുണ നൽകി. 42-ാം ഓവറിൽ കാരേയെ അയ്യരുടെ കൈയിലെത്തിച്ച് കുൽദീപ് ഓസീസ് കുതിപ്പിന് വീണ്ടും ബ്രേക്കിട്ടു. 44-ാം ഓവറിൽ ടർണറെ (4) സെയ്നി പുറത്താക്കി. 132 പന്തുകളിൽ 14 ഫോറും ഒരു സിക്സുമടിച്ച സ്മിത്തിനെ 48-ാം ഓവറിൽ ഷമിയാണ് മടക്കി അയച്ചത്. ആദം സാംപ (1), കമ്മിൻസ് (0) എന്നിവരെക്കൂടി പുറത്താക്കി ഷമി നാല് വിക്കറ്റ് തികച്ചു. ജഡേജ രണ്ട് വിക്കറ്റ് സ്വന്തമാക്കി. നെയ്നിക്കും കുൽദീപിനും ഓരോ വിക്കറ്റ് ലഭിച്ചു. അതേസമയം വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഇന്ത്യൻ ബൗളിംഗിൽ ഏറെ മികച്ചു നിന്നത് ബുംറയാണ്. 10 ഓവറിൽ വെറും 38 റൺസാണ് ബുംറ വിട്ടുകൊടുത്തത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിതും രാഹുലും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. രോഹിത് തുടക്കം മുതൽ അടിച്ചു തകർത്തപ്പോൾ രാഹുൽ (19) ശ്രദ്ധയോടെ കളിച്ചു. 13-ാം ഓവറിൽ ടീം സ്കോർ 69ൽ നിൽക്കെ അഷ്ടൺ ആഗറിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി രാഹുൽ പുറത്താവുകയായിരുന്നു. തുടർന്നിറങ്ങിയ നായകൻ കൊഹ്ലി രോഹിതിന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ മുന്നോട്ടു നീങ്ങി. 137 റൺസാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്. 128 പന്തുകളിൽ എട്ടു ഫോറും ആറ് സിക്സും പായിച്ച രോഹിതിനെ 37-ാം ഓവറിൽ സാംപയാണ് പുറത്താക്കിയത്. അപ്പോഴേക്കും ഇന്ത്യ 206 റൺസിലെത്തിയിരുന്നു.
9000
ഏക ദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 9000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി രോഹിത് ശർമ്മ. ഇന്നലെ നാല് റൺസ് നേടിയപ്പോഴാണ് രോഹിത് 9000 ക്ളബിലെത്തിയത്. തന്റെ 217-ാമത് ഇന്നിംഗ്സിലാണ് രോഹിതിന്റെ നേട്ടം. വിരാട് കൊഹ്ലി (194), ഡിവില്ലിയേഴ്സ് (208) എന്നിവർ മാത്രമാണ് രോഹിതിനെക്കാൾ കുറച്ച് ഇന്നിംഗ്സുകൾ കൊണ്ട് 9000 ത്തിലെത്തിയത്. ഇന്നിംഗ്സുകളുടെ എണ്ണത്തിൽ ഗാംഗുലി (228), സച്ചിൻ (235), ലാറ (239), എന്നിവരെയും രോഹിത് മറികടന്നു.
4000
ആസ്ട്രേലിയൻ ക്രിക്കറ്റർ സ്റ്റീവൻ സ്മിത്ത് ഏകദിനത്തിൽ 4000 റൺസ് തികച്ചു. സ്മിത്തിന്റെ 9-ാം ഏകദിന സെഞ്ച്വറിയാണ് ബാംഗ്ളൂരിൽ പിറന്നത്. ഇന്ത്യയ്ക്കെതിരായ മൂന്നാം സെഞ്ച്വറിയും.
5000
ക്യാപ്ടനെന്ന നിലയിൽ വിരാട് കൊഹ്ലി ഏകദിനത്തിൽ 5000 റൺസ് തികച്ചു. ഏറ്റവും വേഗത്തിൽ 5000 റൺസിലെത്തുന്ന നായകനാണ് കൊഹ്ലി.
സ്കോർ ബോർഡ്
ആസ്ട്രേലിയ ബാറ്റിംഗ് : വാർണർ സി രാഹുൽ ബി ഷമി 3, ഫിഞ്ച് റൺ ഔട്ട് 19, സ്മിത്ത് സി ശ്രേയസ് ബി ഷമി 131, ലബുഷാംഗെ സി കൊഹ്ലി ബി ബി ജഡേജ 54, മിച്ചൽ സ്റ്റാർക്ക് സി സബ് ബി ജഡേജ 0, കാരേയ് സി ശ്രേയസ് ബി കുൽദീപ് 35, ടർണർ സി രാഹുൽ ബി സെയ്നി 4, ആഷ്ടൺ ആഗർ നോട്ടൗട്ട് 11, കമ്മിൻസ് ബി ഷമി 0, സാംബ ബി ഷമി 1, ഹേസൽവുഡ് നോട്ടൗട്ട് 1, എക്സ്ട്രാസ് 27, ആകെ 50 ഓവറൽി 286/9.
വിക്കറ്റ് വീഴ്ച 1-18, 2-46, 3-173 , 4-173, 5-231, 6 - 238, 7-273, 8-276, 9 - 282 (സാംപ).
ബൗളിംഗ് : ബുംറ 10-0-38-0, ഷമി 10-0-63-4, സെയ്നി 10-0-65-1, കുൽദീപ് 10-0-62-1, ജഡേജ 10-1-44-2.