തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്ത് നടന്ന അക്രമങ്ങൾ കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും ചേർന്ന് സ്‌പോൺസർ ചെയ്തവയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. മുഖ്യമന്ത്രി രക്തദാഹിയായി മാറുന്ന കാഴ്ചയാണ് ഉത്തർപ്രദേശിൽ കണ്ടത്. 21 സമരക്കാരെയാണ് പൊലീസ് വെടിവച്ചുകൊന്നത്.ബി.ജെ.പി ഭരിക്കുന്ന അസാമിലും കർണാടകയിലും ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലടക്കം അമിത്ഷായുടെ പൊലീസാണ് കാമ്പസുകൾ ചോരകളമാക്കിയത്. പൊലീസും മുഖംമൂടി ധരിച്ച ആർ.എസ്.എസുകാരും ചേർന്നാണ് പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളുടെ തലതല്ലിപ്പൊളിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശത്തെപ്പോലും അടിച്ചമർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെയാണ് രാജ്യത്തെമ്പാടും പ്രതിഷേധം അലയടിക്കുന്നത്.
കേന്ദ്രത്തെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണ്. എല്ലാ മതങ്ങൾക്കും അവരുടെതായ വിശുദ്ധ ഗ്രന്ഥങ്ങളുണ്ടെന്ന് മോദിയും അമിത് ഷായും മനസ്സിലാക്കണം. ഹിന്ദുക്കൾക്ക് ഒന്നിലധികം മതഗ്രന്ഥങ്ങളുണ്ട്. എന്നാൽ എല്ലാ ദേശസ്‌നേഹികൾക്കും ഒരൊറ്റ വിശുദ്ധ ഗ്രന്ഥമേയുള്ളൂ, അതാണ് ഇന്ത്യൻ ഭരണഘടന. ആ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് സി.പി.എം മുൻപന്തിയിലുണ്ടാകും. രാജ്യം നശിപ്പിക്കാനാനിറങ്ങിയ ഭസ്മാസുരനാണ് നരേന്ദ്രമോദി. എവിടെ കൈവച്ചാലും അവിടം ഭസ്മമാകും- യെച്ചൂരി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വാഗതം പറഞ്ഞു.