ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി
3-2
ജംഷഡ്പൂർ : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന സമയത്തെ സെൽഫ് ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ജംഷഡ്പൂർ എഫ്.സി 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. 2-2 എന്ന സ്കോറിൽ നിൽക്കെ സൂപ്പർ സ്ട്രൈക്കർ ഒഗുബച്ചെയുടെ കാലിൽ തട്ടി സ്വന്തം വലയിൽ പന്തു കയറിയതോടെയാണ് മഞ്ഞപ്പട തോറ്റത്.
11-ാം മിനിട്ടിൽ റാഫേൽ മെസിയിലൂടെ മുന്നിലെത്തിയിരുന്ന ബ്ലാസ്റ്റേഴ്സിനെ 39-ാം മിനിട്ടിൽ നോ കോസ്റ്റയിലൂടെ ജംഷഡ്പൂർ സമനിലയിൽ പിടിച്ചിരുന്നു. 56-ാം മിനിട്ടിൽ ഒഗുബച്ചേ ബ്ലാസ്റ്റേഴ്സിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 75-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സെർജിയോ കാസ്റ്റൽ സമനില വീണ്ടും വരുത്തി. 86-ാം മിനിട്ടിലായിരുന്നു വിധി നിർണയിച്ച സെൽഫ് ഗോൾ.
ഈ തോൽവിയോടെ 13 കളികളിൽ നിന്ന് 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതായി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയിരുന്നതിന്റെ ആത്മ വിശ്വാസവുമായാണ് ഇന്നലെ ജംഷഡ് പൂരിനെതിരെ ബ്ളാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്. ഈ ആവേശത്തിന്റെ തുടർച്ചയെന്നോണം 11-ാം മിനിട്ടിൽ ജാംഷഡ്പൂരിന്റെ വല കുലുക്കാനും ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞു. ശക്തമായ മുന്നേറ്റത്തിനൊടുവിൽ ഹോളി ചരൺ നർസാറിയുടെ ഷോട്ട് ജംഷഡ്പൂർ ഗോളിക്ക് ലഭിച്ചുവെങ്കിലും ഗോളിയിൽ നിന്ന് പന്ത് തട്ടിയെടുത്ത് റാഫേൽ മെസി വല കുലുക്കുകയായിരുന്നു. 15-ാം മിനിട്ടിൽ ഗോൾ തിരിച്ചടിക്കാൻ ജംഷഡ്പൂരിന് അവസരം ലഭിച്ചതാണ്. എന്നാൽ മോൺ റോയ്യുടെ ഷോട്ട് സുരക്ഷിതമായി കയ്യിലൊതുക്കി ടി. പി. രഹ്നേഷ് ബ്ളാസ്റ്റേഴ്സിനെ രക്ഷിച്ചു.