plantation-policy

തിരുവനന്തപുരം: തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രത്യേക നയം (പ്ലാന്റേഷൻ പോളിസി) രൂപീകരിക്കും. ഇതു സംബന്ധിച്ച് കരടായി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നയം പരിഗണിക്കും.

തോട്ടം മേഖലയുടെ പ്രതാപം വീണ്ടെടുക്കൽ, തൊഴിലാളികളുടെ ജീവിതസാഹചര്യം അഭിവൃദ്ധിപ്പെടുത്തൽ, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, വൈവിദ്ധ്യവൽക്കരണം, ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണി കണ്ടെത്തൽ തുടങ്ങിയവയാണ് നയത്തിന്റെ കാതൽ.
ഇതര തൊഴിൽ മേഖലകളിലെ കൂലി വർദ്ധനയ്ക്ക് ആനുപാതികമായി തോട്ടം മേഖലയിൽ കൂലി വർദ്ധിച്ചിട്ടില്ലെന്നത് പ്ലാന്റേഷൻ പോളിസി പരിഗണിക്കും. ഈ തൊഴിൽ മേഖലയിലെ ഏറ്റവും ആകർഷകമായ ആനുകൂല്യം തൊഴിലുടമയിൽ നിന്ന് കിട്ടുന്ന സൗജന്യമായ പാർപ്പിട സൗകര്യവും ആരോഗ്യപരിപാലന സംവിധാനങ്ങളുമായിരുന്നു. ആധുനികകാലത്തെ ജീവിതസാഹചര്യങ്ങൾക്ക് യോജിച്ച വിധം ഇവ നവീകരിക്കാൻ തൊഴിലുടമകൾ വിമുഖരാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും നയം ലക്ഷ്യമിടുന്നുണ്ട്.
തോട്ടങ്ങൾ തോട്ടങ്ങളായി നിലനിർത്തുക, തൊഴിലും വ്യവസായവും സംരക്ഷിക്കുക, പാട്ടക്കരാർ സമയബന്ധിതമായി പുതുക്കുക, പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിർണയിച്ച സ്ഥലങ്ങൾ അതിവേഗം അളന്ന് തിട്ടപ്പെടുത്തുക തോട്ടം മേഖല ലാഭകരമാക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ
സൃഷ്ടിക്കാനും ഭരണപരമായ നടപടി, ഇടവിള, മിശ്രവിള കൃഷികൾക്ക് തടസമായ 1967 ലെ ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ ഉൾപ്പെടെയുള്ള നിയമങ്ങൾ
പരിഷ്‌കരിക്കുക, തൊഴിലാളികൾക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വന്തം വീട്, എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക്, തൊഴിലാളികളുടെ വേതനം പുതുക്കൽ എന്നിവയും പോളിസിയിൽ ലക്ഷ്യമിടുന്നു.