കുളത്തൂർ: സി.പി.എം - കോൺഗ്രസ് സംഘർഷത്തെ തുടർന്ന് കുളത്തൂരിലും പരിസരങ്ങളിലും പൊലീസിനെ വിന്യസിച്ചു. മൂന്നാറ്റുമുക്ക്, മുക്കോലയ്ക്കൽ,കോലത്തുകര,ചിത്തിര നഗർ തുടങ്ങിയ ഭാഗങ്ങളിലാണ് പൊലീസിനെ വിന്യസിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാറിന്റെയും തുമ്പ സി.ഐയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇത് നിലനിൽക്കെ ഇന്നലെ രാത്രി 8 ഓടെ കോലത്തുകര എസ്.എൻ.ഡി.പി ശാഖയ്ക്കു മുന്നിൽ പാർക്കുചെയ്തിരുന്ന കോൺഗ്രസ് പൗണ്ടുകടവ് വാർഡ് പ്രസിഡന്റ് പ്രമോദിന്റെ ഇരുചക്ര വാഹനം ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു. ഇതിനു പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. തുടർന്ന് ഇരു വിഭാഗവും സംഘടിച്ചതിനെ തുടർന്നാണ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസം ചിത്തിര നഗർ സ്വദേശിയും ആട്ടോ തൊഴിലാളിയുമായ രതീഷിനെ മൂന്നാറ്റുമുക്ക് ജംഗ്‌ഷനിൽ ഒരു വിഭാഗം തടഞ്ഞു നിറുത്തി വധഭീഷണി മുഴക്കിയിരുന്നതായി യൂത്ത് കോൺഗസ് ആരോപിക്കുന്നു. ഇതു സംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടപ്പോൾ കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ജംഗ്‌ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ തങ്ങളെ ചീത്ത പറഞ്ഞതായി സി.പി.എം ആരോപിക്കുന്നു. സംഭവത്തിൽ നിരപരാധികളെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി കോൺഗ്രസ് പ്രവർത്തകർ കുറ്റപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം പ്രദേശത്ത് വീണ്ടും സമാധാനാന്തരീക്ഷം തകർക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും പൊലീസ് പ്രലപ്രദമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.