തിരുവനന്തപുരം: അനന്തപുരിയെ ആവേശത്തിൽ ആറാടിച്ച് താള,​ ലയ,​ വാദ്യ മേളങ്ങളുടെ ദൃശ്യവിരുന്നൊരുക്കി ഗോൾഫ് ലിങ്ക്‌സിലെ ഉദയ കൺവെൻഷൻ സെന്ററിൽ ഇന്നലെ അരങ്ങേറിയ കൗമുദി നൈറ്റ് 2020 മറക്കാനാകാത്ത അനുഭവമായി. രാജധാനി ഗ്രൂപ്പ് മുഖ്യസ്‌പോൺസറായി കേരളകൗമുദി അവതരിപ്പിച്ച സംഗീത വിരുന്നിൽ പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ തനത് ശൈലിയിൽ മനോഹര ശബ്ദം കൊണ്ട് തേൻമഴ പെയ്യിച്ചപ്പോൾ സദസൊന്നാകെ ആ സംഗീത സാഗരത്തിൽ അലിഞ്ഞു.

എം.ജി. ശ്രീകുമാറിനൊപ്പം റഹ്മാൻ,​ ടീനു ടെല്ലൻസ്,​ ശ്രേയ ജയദീപ്, ഗൗരി,​ ഷെയ്ഖ എന്നിവർ കൂടിയെത്തിയതോടെ സദസൊന്നാകെ ആനന്ദ ലഹരിയിലായി.

മെലഡിയിൽ തുടങ്ങി അടിച്ചുപൊളി പാട്ടിലേക്ക് ശ്രീകുമാർ കാണികളെ കൂട്ടിക്കൊണ്ടു പോയപ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തിമിർപ്പിലായി. മോഹൻലാലും ജഗതി ശ്രീകുമാറും മത്സരിച്ച് അഭിനയിച്ച യോദ്ധയിലെ പടകാളി ചണ്ടി ചങ്കരി പാട്ടുമായി ശ്രീകുമാറും സംഘവും നിറ‌ഞ്ഞാടിയപ്പോൾ കസേരയിൽ നിന്നെഴുന്നേറ്ര് കാണികൾ ചുവടുവച്ചു.

മാതാപിതാക്കളുടെ മടിയിൽ ഇരുന്ന കുരുന്നുകൾ പോലും പാട്ടിനൊപ്പം തുള്ളിച്ചാടി.

മലയാളിയുടെ സ്വന്തം ശ്രീക്കുട്ടൻ ഒരുവശത്ത് ശ്രോതാക്കൾക്ക് പാട്ടിന്റെ പാലാഴി തീർത്തു നൽകിയപ്പോൾ മറുവശത്ത് അടിച്ചുപൊളി പാട്ടുകളുമായി റഹ്മാൻ കത്തിക്കയറി. അതോടൊപ്പം ടീനു ടെല്ലൻസും ചേർന്നതോടെ ഗാനാലാപനത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് ആസ്വദിക്കാനായത്. ഒപ്പം സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കുട്ടിത്തം തുളുമ്പുന്ന ശബ്ദത്തിൽ ശ്രേയ പുനരാവിഷ്‌കരിച്ചത് നവ്യാനുഭവമായി. പാട്ടുകളുടെ ഇടവേളയിൽ കാഴ്‌ചക്കാരെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന പവർ പായ്ക്ക് പെർഫോമൻസുമായി ഗിന്നസ് റെക്കാഡ് ജേതാവ് സജീഷ് മുഖത്തലയുമെത്തി. പരിപാടിയുടെ ഒടുവിലായി പ്രേക്ഷകരെ വിസ്‌മയിപ്പിച്ച് കൊല്ലം സെറിന ഗ്രൂപ്പിന്റെ ജഗ്ളിംഗ് ആൻഡ് പോൾ ഡാൻസും അരങ്ങേറി.