തിരുവനന്തപുരം: കൗമുദി നൈറ്റിൽ കാഴ്‌ചക്കാർ ഏറ്റവും അധികം വിസ്‌മയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ട ഇനമായിരുന്നു സജീഷ് മുഖത്തല അവതരിപ്പിച്ച ഗിന്നസ് റെക്കാഡ് പ്രകടനം. നെഞ്ചിടിപ്പോടെയും ശ്വാസമടക്കി പിടിച്ചുമാണ് മുതിർന്നവരും കുട്ടികളും പ്രകടനങ്ങൾ വീക്ഷിച്ചത്. 20 മീറ്റർ നീളത്തിൽ പുത്തൻ ബ്ലേഡുകൾ കോർത്തിണിക്കി വായിൽ നിന്ന് ചങ്ങലക്കണ്ണി പോലെ വലിച്ചു പുറത്തിട്ടപ്പോൾ സദസൊന്നാകെ മൂക്കത്ത് വിരൽവച്ചു. അവിടെയെങ്ങും തീർന്നില്ല സജീഷിന്റെ പവർ പായ്ക്ക് പെ‍ർഫോമൻസ്. മൂക്കിലൂടെ ഒരേസമയം കത്രികയും സ്‌ക്രൂ ഡ്രൈവറും കുത്തിക്കയറ്റിയുള്ള പ്രകടനം കാഴ്ചവച്ചപ്പോൾ മുതിർന്നവർ കണ്ണുപൊത്തി. മാതാപിതാക്കൾ കുട്ടികളുടെ കണ്ണുകളെയും മറയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ മുതിർന്നവരോ കുട്ടികളോ ഇതൊന്നും അനുകരിക്കാൻ ശ്രമിക്കരുതെന്ന അവതാരകയുടെ മുന്നറിയിപ്പും ഉയരുന്നുണ്ടായിരുന്നു. അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പെഡസ്ട്രിയൽ ഫാനിനെ നാക്ക് കൊണ്ട് പിടിച്ചുനിറുത്തുന്ന അത്യപകടം പിടിച്ച പ്രകടനവും കൈയടി നേടി. കൂടാതെ കണ്ണ്,​കഴുത്ത്,​ചെവി എന്നിവ കൊണ്ട് നീളത്തിലുള്ള കമ്പികളെ അനായാസം വളയ്ക്കുകയും ചെയ്തു. 4 ഇഞ്ച് കനമുള്ള 18 ആണികൾ മൂക്കിൽ ചുറ്റിക കൊണ്ട് അടിച്ചുകയറ്റിയ പ്രകടനത്തോടെയാണ് സജീഷ് പ്രോഗ്രാം അവസാനിപ്പിച്ചത്. വിനോദ് വെഞ്ഞാറമൂടും സംഘവും അവതരിപ്പിച്ച ജഗ്ളിംഗും സെറീനാസ് ഗ്രൂപ്പിന്റെ പോൾ ഡാൻസും കാഴ്ചക്കാർക്ക് മറക്കാനാകാത്ത അനുഭവമായി.