തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഊബർ ഈറ്റ്സ് വിതരണക്കാരന് പരിക്കേറ്റു. പോങ്ങുംമൂട് സ്വദേശി ബൈജു (50) വിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.40 ന് പട്ടം സെന്റ് മേരീസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. യു ടേൺ എടുത്ത് മുന്നോട്ടു പോയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഫുട്പാത്തിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരനെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. കാറിൽ ഡ്രൈവർ ഉൾപ്പടെ രണ്ടുപേർ ഉണ്ടായിരുന്നു.ഇവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പട്ടം -കേശവദാസപുരം റോഡിൽ ഗതാഗതതടസമുണ്ടായി. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.