novel-244

നെഞ്ചിനുള്ളിലേക്ക് ഒരു അസ്‌ത്രം തുളഞ്ഞിറങ്ങുന്നതു പോലെയായിരുന്നു പാഞ്ചാലിയുടെ ചോദ്യം.

മറുപടിക്കായി ചന്ദ്രകല പരതി. അവസാനം ഇങ്ങനെ അറിയിച്ചു.

''ഇനിയുള്ള കാലം നീ പറയുന്നതുപോലെ... നിന്റെ അടിമയായിട്ടാണെങ്കിൽ അങ്ങനെ... ഞാൻ ജീവിച്ചുകൊള്ളാം. എന്നാലും എന്നെ കൊല്ലരുത്. തെറ്റുകൾ സമ്മതിച്ചല്ലോ ഞാൻ. അതിന്റെ പേരിലെങ്കിലും..."

ചന്ദ്രകല പൂർത്തിയാക്കുവാൻ സമ്മതിച്ചില്ല പാഞ്ചാലി.

ഇടിവെട്ടും പോലെ അവളുടെ ഒച്ചയുയർന്നു.

''ഇല്ല... നിങ്ങൾക്ക് മാപ്പില്ല. എത്ര വയസ്സായി നിങ്ങൾക്ക്? ഇപ്പോഴും ജീവിച്ചുകൊതിതീർന്നിട്ടില്ലെങ്കിൽ നിങ്ങളുടെ മൂന്നിലൊന്നു പ്രായം പോലും ഇല്ലാതിരുന്ന എന്റെയും വിവേകിന്റെയും കാര്യമൊന്ന് ചിന്തിച്ചു നോക്കിയേ..."

അവളുടെ മുന്നിൽ തലകുനിക്കണമെന്നുണ്ട് ചന്ദ്രകലയ്ക്ക്. പക്ഷേ കമ്പുവച്ചു കെട്ടിയിരിക്കുന്നതിനാൽ കഴിയുന്നില്ല. എന്തിന്, ശിരസ്സ് ഇടംവലം അനക്കാൻ പോലും ആകുന്നില്ല.

''കൊണ്ടുവാ."

പാഞ്ചാലി മറ്റുള്ളവരോടു കൽപ്പിച്ചു.

ഒരാൾ കരിപുരണ്ട ഒരു മൺകലവും മറ്റൊരാൾ ഒരു ചാക്കിൽ എന്തോ കൂടിയും കൊണ്ടുവന്നു.

ചന്ദ്രകലയുടെ മുന്നിൽ വച്ച് മൺകലത്തിന്റെ ചുവട് കുറച്ചുഭാഗം തട്ടിക്കളഞ്ഞു.

''ഇത്രയും കാലം നിങ്ങളെ മമ്മി എന്നു വിളിച്ചില്ലേ ഞാൻ? അതുകൊണ്ട് ലോകത്ത് ഇന്നേവരെ ആരും ആർക്കും കൊടുക്കാത്ത ക്രൂരമായ ഒരു സമ്മാനമായിരിക്കും നിങ്ങൾക്കു തരിക."

പാഞ്ചാലിയുടെ അമർന്നു ഞെരിയുന്ന പല്ലുകൾക്കിടയിൽ വാക്കുകൾ ചതഞ്ഞു.

''നിങ്ങളെപ്പോലെ എന്തും ചെയ്യുവാൻ തയ്യാറുള്ള സ്ത്രീകൾ അധികരിച്ചുവരുന്ന ഇക്കാലത്ത് ഇതൊരു പാഠമാകണം മറ്റുള്ളവർക്ക്."

''മോളേ..." ചന്ദ്രകല പറയാൻ ഭാവിച്ചത് പൂർത്തിയായില്ല.

കലവുമായി നിന്ന ആളിനെ നോക്കി പാഞ്ചാലി അമർത്തി മൂളി.

അയാൾ കലത്തിന്റെ വായ് ഭാഗം ചന്ദ്രകലയുടെ ശിരസ്സിലൂടെ കഴുത്തിലേക്ക് ഇറക്കിവച്ചു.

ചന്ദ്രകലയുടെ കണ്ണുകളിൽ ഇരുൾ വന്നുമൂടി.

മറ്റൊരാൾ ആ ഭാഗത്തുകൂടി ഒന്നും താഴേക്കു പോരാതിരിക്കുവാൻ അടിയിലൂടെ കുറെ പച്ചിലകൾ തിരുകിവച്ചു.

കലത്തിനുള്ളിൽ നിന്ന് ചന്ദ്രകലയുടെ, ചാവുമൃഗത്തിന്റെ മുരൾച്ച പോലെയുള്ള ശബ്ദം കേട്ടു.

ചാക്കു കൊണ്ടുവന്ന ആൾ അതഴിച്ചു മൂടി വിടർത്തി.

കുന്തിരിക്കത്തിന്റെ ഗന്ധം അവിടെ പരന്നു തുടങ്ങി.

അയാൾ രണ്ടു കൈക്കുമ്പിളും ചേർത്തുപിടിച്ച് കുന്തിരിക്കം വാരി കലത്തിന്റെ മൂട് തട്ടിയ ഭാഗത്തുകൂടി അകത്തേക്ക് ഇട്ടുതുടങ്ങി.

ചന്ദ്രകലയുടെ കഴുത്തു മുതൽ ശിരസ്സിനു ചുറ്റും കുന്തിരിക്കം നിറഞ്ഞുതുടങ്ങി.

അവസാനം കലം നിറഞ്ഞു.

നടുമുറ്റത്തിന്റെ മുകളിൽ നിന്ന് വെളിച്ചത്തിന്റെ കണികകൾ അകത്തേക്കു വന്നു തുടങ്ങി.

''വേഗം..."

പാഞ്ചാലി തിടുക്കം കൂട്ടി.

ഒരാൾ പോക്കറ്റിൽ നിന്ന് കോഴിമുട്ട വലിപ്പത്തിൽ ഉണ്ടാക്കിയ 'കോലരക്ക്" എടുത്തു.

മറ്റൊരാൾ അതി തീപിടിപ്പിച്ചു. പിന്നെ അത് ചന്ദ്രകലയുടെ ശിരസ്സിനു മീതെ കുന്തിരിക്കത്തിൽ വച്ചു.

കോലരക്ക് ഉരുകി കുന്തിരിക്കത്തിൽ വീണുതുടങ്ങി.

കുന്തിരിക്കം പുകഞ്ഞു തുടങ്ങി.

ചന്ദ്രകല മെല്ലെ പുളഞ്ഞു. അവൾക്ക് മുന്നോട്ടു കുനിയാനാകുന്നില്ല... ശിരസ്സ് ചരിക്കാനാവുന്നില്ല...

ഇരിക്കുവാൻ നോക്കി.

അതിനും പറ്റുന്നില്ല. കൈകാലുകളും കഴുത്തും കുറ്റിയിലേക്കു വലിച്ചുകെട്ടിയിരിക്കുന്നതിനാൽ ഇരിക്കുമ്പോൾ നിതംബത്തിനടിയിൽ കുറ്റി അമരുന്നു...

നടുമുറ്റത്തുനിന്ന് പുക മുകളിലേക്ക് ഉയർന്നുതുടങ്ങി. ചന്ദ്രകലയുടെ നിലവിളി പോലും പുറത്തുവന്നില്ല...

*******

പ്രഭാതം.

8 മണി.

സി.ഐ അലിയാരുടെ സെൽഫോണിലേക്ക് കോവിലകത്തിനു പുറത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരിൽ ഒരാളുടെ കോൾ വന്നു.

''സാർ... കോവിലകത്തിനുള്ളിൽ നിന്ന് പുക ഉയരുന്നു... ആരെങ്കിലും തീ വയ്ക്കുകയോ അതല്ലെങ്കിൽ തീപിടിക്കുകയോ ആണെങ്കിൽ..."

അലിയാർ ഒന്നു ഞെട്ടി.

കരുളായി വനത്തിലായിരുന്നു അലിയാരും സംഘവും. പ്രജീഷിനെ പുഴുങ്ങി കൊന്ന സ്ഥലത്ത്.

ഒപ്പം മീഡിയക്കാരുമുണ്ട്..

''ഞങ്ങൾ ഉടനെയെത്തും. നിങ്ങൾ രംഗം നിരീക്ഷിച്ചോളൂ. കൂടുതൽ പുകയുണ്ടാകുകയാണെങ്കിൽ പറയുക. ഞാൻ ഫയർഫോഴ്സിനെ അയയ്ക്കാം."

അലിയാർ നിർദ്ദേശിച്ചു.

''ശരി സാർ."

കോൾ മുറിച്ചിട്ട് അലിയാർ, എസ്.ഐ സുകേശിന്റെ നേർക്കു തിരിഞ്ഞു.

''സുകേശ് ഇവിടുത്തെ കാര്യങ്ങൾ നോക്കുക. എനിക്കുടൻ വടക്കേ കോവിലകത്ത് എത്തണം."

''സാർ..." സുകേശ് തലയാട്ടി.

സി.ഐ അലിയാർ എസ്.പി ഷാജഹാനെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു.

''അലിയാര് അങ്ങോട്ടു പൊയ്‌ക്കോ. പിന്നാലെ ഞാനും വരുന്നുണ്ട്."

ഷാജഹാന്റെ മറുപടി കിട്ടി.

''സാർ..."

മൂന്നു പോലീസുകാരെയും കൂട്ടി അലിയാർ മടങ്ങാനൊരുങ്ങി.

''ഞങ്ങളുവന്നാൽ ബ്രേക്കിംഗ് ന്യൂസ് കിട്ടുമോ സാറേ?"

ഒരു മീഡിയക്കാരൻ തിരക്കി.

''ഒഫ്‌ക്കോഴ്സ്. എന്റെ നിഗമനം ശരിയാണെങ്കിൽ ഇന്ന് നിങ്ങൾക്ക് ചാകരയായിരിക്കും."

അതോടെ അവിടത്തെ ന്യൂസ് പെട്ടെന്നു ക്യാമറയിലാക്കി മീഡിയക്കാരും അലിയാർക്കു പിന്നാലെ പോയി.

വടക്കേ കോവിലകം.

മുറ്റത്ത് വാഹനങ്ങൾ ബ്രേക്കിട്ടു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി അലിയാർക്കു സല്യൂട്ടു നൽകി... പിന്നെ കോവിലകത്തിനു മുകളിലേക്കു കൈ ചൂണ്ടി.

''അതാണു സാർ..."

പുക മുകളിലേക്കുയർന്ന് ചുറ്റും വ്യാപിക്കുന്നത് അലിയാരും കണ്ടു.

(തുടരും)