രാഷ്ട്രീയക്കാർ മനുഷ്യബന്ധങ്ങളിൽ പോലും വിഷം കലർത്തുന്നതിനു മുമ്പുള്ള ഒരു നല്ല കാലം കേരളത്തിൽ നിലനിന്നിരുന്നു. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ കലർപ്പില്ലാത്ത മൈത്രിയും സാഹോദര്യവും ആപത്തിൽ എല്ലാം നൽകി സഹായിക്കാനുള്ള സന്നദ്ധതയും വളരെ പ്രകടമായിരുന്നു. സ്വാർത്ഥ നേട്ടങ്ങൾക്കായി മനുഷ്യരെ പ്രത്യേകം പ്രത്യേകം കളങ്ങളിലാക്കാൻ കുശാഗ്രബുദ്ധിയോടെ രാഷ്ട്രീയക്കാർ ശ്രമം തുടങ്ങിയപ്പോഴാണ് ചിന്തയിലും പ്രവൃത്തിയിലുമൊക്കെ അന്യോന്യം സംശയങ്ങളും സ്പർദ്ധയും പിറവിയെടുക്കാൻ തുടങ്ങിയത്.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാത്ത നല്ല സാമൂഹ്യാന്തരീക്ഷം ഏറെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് സംസ്ഥാനം ഇന്നു കടന്നുപോകുന്നത്. എങ്കിലും പഴയ ആ നല്ല അനുഭവങ്ങളെ ഓർമ്മിപ്പിക്കുന്ന ചില നല്ല കാര്യങ്ങൾ ഇടയ്ക്കെല്ലാം അങ്ങിങ്ങ് നടക്കുന്നുണ്ടെന്നുള്ളത് ഏറെ ആഹ്ളാദകരമാണ്. കായംകുളം ചേരാവള്ളിയിൽ പിതാവ് നഷ്ടപ്പെട്ട സാധു യുവതിയായ അഞ്ജുവിന്റെയും കൃഷ്ണപുരം സ്വദേശി ശരത്തിന്റെയും വിവാഹത്തിന് ചേരാവള്ളി മുസ്ളിം ജമാ അത്ത് പള്ളി അങ്കണം വേദിയായതും ജാതിമത ഭേദമില്ലാതെ അനവധി പേർ ദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയതും മതവിദ്വേഷം വൻമതിലുകൾ തീർത്തുകൊണ്ടിരിക്കുന്ന രാജ്യത്തെ മറ്റു പ്രദേശങ്ങൾക്കു മുമ്പിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ മഹത്തായ ഒരു മാതൃകയുമായി.
ഹിന്ദു മതവിശ്വാസികളുടെ വിവാഹം മുസ്ളിം പള്ളിമുറ്റത്തു വച്ചു നടന്ന അത്യപൂർവത കൊണ്ടു മാത്രമല്ല അത് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. മകളുടെ വിവാഹം നടത്താൻ സാമ്പത്തിക സഹായം തേടിയാണ് അഞ്ജുവിന്റെ അമ്മ ജമാ അത്ത് സെക്രട്ടറിയെ സമീപിച്ചത്. സാമ്പത്തിക സഹായം മാത്രമല്ല വിവാഹച്ചടങ്ങു തന്നെ പള്ളിമുറ്റത്തു വച്ചു നടത്താൻ വേണ്ട സകല ഏർപ്പാടുകളും ചെയ്യാൻ സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂടൻ ഹൃദയവിശാലത കാണിച്ചു. അഞ്ജുവിന്റെ അമ്മയിൽ നിന്ന് സഹായത്തിനുള്ള അപേക്ഷ എഴുതിവാങ്ങി പള്ളി കമ്മിറ്റി മുമ്പാകെ വച്ച് ചർച്ച ചെയ്ത് സർവസമ്മതമായാണ് തീരുമാനം എടുത്തത്. പത്തു പവന്റെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും പള്ളിവക സമ്മാനമായി വധുവിന് നൽകുകയും ചെയ്തു. അത്യാഘോഷപൂർവം നടന്ന വിവാഹച്ചടങ്ങ് പലതുകൊണ്ടും പുതുമയുള്ളതായി. സാധാരണഗതിയിൽ ഇരുഭാഗത്തുമുള്ള സമുദായക്കാരുടെ എതിർപ്പും പ്രതിഷേധവുമൊക്കെ ഉയർത്താവുന്നതാണ് പള്ളിമുറ്റത്തു വച്ചുള്ള ഹിന്ദു വിവാഹം. സമുദായ ഭ്രഷ്ട് വരെ നീളുന്ന വിലക്കും പോർവിളികളുമൊക്കെ ഉണ്ടായിക്കൂടെന്നുമില്ല. എന്നാൽ സാമുദായിക വേലിക്കെട്ടുകളെല്ലാം പിഴുതെറിഞ്ഞ് വിവാഹച്ചടങ്ങ് ഭംഗിയാക്കാൻ ഏവരും ആത്മാർത്ഥതയോടെ രംഗത്തുവരികയായിരുന്നു.
മതസാഹോദര്യത്തിന്റെ അതിമനോഹരമായ ഒരു അദ്ധ്യായമാണ് ചേരാവള്ളിയിലെ ജമാ അത്ത് പള്ളി അങ്കണത്തിൽ ഞായറാഴ്ച എഴുതിച്ചേർത്തത്. അന്യമതസ്ഥയായ ഒരു സാധു യുവതിയെ വിവാഹത്തിനാവശ്യമായ സ്വർണവും പണവും നൽകി സഹായിക്കാനൊരുങ്ങിയ പള്ളി കമ്മിറ്റി മുഴുവൻ മലയാളികളുടെയും സ്നേഹാദരങ്ങൾക്ക് അർഹരാണ്. അന്യദേശത്തുനിന്നുപോലും ആളുകൾ അത്യപൂർവമായ വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പള്ളിമുറ്റത്ത് തടിച്ചുകൂടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ഒട്ടെല്ലാ രാഷ്ട്രീയ നേതാക്കളുടെയും ആശംസകൾ വധൂവരന്മാർക്കു ലഭിച്ചിരുന്നു. മതസാഹോദര്യത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച പള്ളികമ്മിറ്റിയെ പ്രശംസകൾ കൊണ്ടു മൂടാനും രാഷ്ട്രീയ - സാമുദായിക നേതാക്കൾ മറന്നില്ല.
സംസ്ഥാനത്ത് ഇക്കാലത്തു നടക്കാറുള്ള ഏതു വിവാഹത്തിലും സർവ മതസ്ഥരുടെയും സാന്നിദ്ധ്യം സാധാരണയാണ്. സംസ്ഥാനത്തെ സാമൂഹ്യ - സാമുദായികാന്തരീക്ഷത്തിൽ വേറിട്ടു കാണേണ്ട വിഷയമല്ലത്. പരമ്പരാഗതമായി നിലനിന്നുപോരുന്ന മതസാഹോദര്യത്തിന്റെ തിളക്കമാർന്ന മാതൃകയാണത്. സഹായം അഭ്യർത്ഥിച്ചെത്തുന്നവരെ ജാതിയും കുലവുമൊന്നും നോക്കാതെ സഹായിക്കുന്ന മനസ്ഥിതിയുള്ളവരാണ് മലയാളികൾ. ദുരന്തത്തിലും ആപത്തിലും കൈമെയ് മറന്ന് സഹായമെത്തിക്കാൻ സാഹസികമായി ഇറങ്ങിപ്പുറപ്പെട്ടവരുടെ ധീരോദാത്ത അനുഭവ കഥകൾ കേട്ടു വളർന്നവരാണ് ഇവിടെയുള്ളത്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും അത്തരത്തിലുള്ള എത്രയെത്ര അനുഭവങ്ങൾ മലയാളികളുടെ മുന്നിലുണ്ട്. പ്രളയത്തിൽ പെട്ടവരെ രക്ഷിക്കാൻ വീടും വീട്ടുകാരെയും വിട്ട് തീരപ്രദേശത്തുനിന്ന് കിഴക്കൻ മേഖലകളിലേക്ക് മീൻപിടിത്ത വള്ളങ്ങളുമായി ഓടിയെത്തിയ കടലിന്റെ വീര സന്താനങ്ങളെ ആർക്കു മറക്കാനാവും? മലപ്പുറത്ത് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ പോസ്റ്റ്മോർട്ടത്തിനായി മുസ്ളിം പള്ളിയിലെ പ്രാർത്ഥനാഹാൾ തന്നെ തുറന്നു നൽകിയ പള്ളി അധികാരികളുടെ മഹാമനസ്കതയെ എങ്ങനെ വാഴ്ത്താതിരിക്കാനാകും. പതിറ്റാണ്ടുകൾക്കു മുൻപ് വർഗീയ ലഹളക്കാലത്ത് അന്യോന്യം സംരക്ഷണം നൽകി എത്രയോ കുടുംബങ്ങളെ ഇരുമതത്തിലും പെട്ടവർ രക്ഷപ്പെടുത്തി. ഇന്നും ജാതിയും മതവുമൊന്നും നോക്കാതെയാണ് സാധാരണക്കാർ അന്യരെ സഹായിക്കാനൊരുങ്ങുന്നത്. വോട്ടു രാഷ്ട്രീയം കളിക്കുന്ന ശക്തികളാണ് സ്നേഹത്തോടും സഹവർത്തിത്വത്തോടും കഴിയുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. മതസാഹോദര്യത്തിന് പല കോണുകളിൽ നിന്നും ഭീഷണി ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രാജ്യത്തിനു തന്നെ നല്ല ഒരു സന്ദേശം നൽകുന്നതാണ് ചേരാവള്ളി മുസ്ളിം പള്ളിമുറ്റത്തു നടന്ന ഹിന്ദു വധൂവരന്മാരുടെ വിവാഹം. ആയിരം രാഷ്ട്രീയ - മത നേതാക്കന്മാരുടെ മൈതാന പ്രസംഗങ്ങളെക്കാൾ വിലമതിക്കേണ്ട സാമൂഹ്യ യാഥാർത്ഥ്യമായി അതിനെ കാണണം.