തിരുവനന്തപുരം: കേരള ബാങ്ക് മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്രവും വലിയ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കവടിയാർ ഉദയ് പാലസിൽ കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐക്ക് പിറകിലുള്ള കേരള ബാങ്കിന് ഒന്നാമതെത്താൻ അധിക കാലം വേണ്ടിവരില്ല. ആദ്യഘട്ടത്തിൽ 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവും കേരള ബാങ്കിനുണ്ട്.
ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖല.
റിസർവ് ബാങ്കിന്റെ നിയന്ത്രണം പ്രശ്നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാൽ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളർച്ചക്ക് സഹായമാകും.
ഓരോ ഗ്രാമത്തിലും വിപുലമായ തോതിൽ ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തുന്നതിൽ സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ ലോഗോ രൂപകൽപന ചെയ്ത ബി.ആർ ആൻഡ് ഐ യ്ക്ക് വേണ്ടി ബെന്നിച്ചൻ മാനുവൽ മുഖ്യമന്ത്രിയിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി.
കേരള ബാങ്കിന്റെ ബ്രാൻഡ് മൂല്യം ഉയർത്തണമെന്നും മനുഷ്യ ശേഷിയിലും വിശ്വാസ്യതയിലും വളർച്ചയിലും ഒന്നാമതെത്തണമെന്നും ചടങ്ങിൽ അദ്ധ്യക്ഷത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലാ ബാങ്കുകളിൽ നിന്ന് ലഭിച്ച എല്ലാസേവനങ്ങളും കേരള ബാങ്കിലും ലഭിക്കും. വായ്പയ്ക്ക് പലിശ കുറച്ചുകൊടുക്കാനാകുമെന്നത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി. ജോയ് എം.എൽ.എ, ബോർഡ് അംഗം സഞ്ജയ് കൗൾ, സഹകരണ സംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ എന്നിവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സംസ്ഥാന സഹകരണ ബാങ്ക് എം.ഡി റാണി ജോർജ് നന്ദിയും പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്ക് വിശേഷാൽ പൊതുയോഗവും നടന്നു.