വെഞ്ഞാറമൂട്: ജില്ലയിലെ തന്നെ ഏറെ ടൂറിസം പ്രാധാന്യം ഉള്ളതും നിത്യേന നൂറു കണക്കിന് സഞ്ചാരികൾ എത്തുന്നതുമായ വെള്ളാണിക്കൽ പാറ ഇന്ന് അവഗണയുടെ വക്കിലാണ്. മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽപ്പാറ സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടം നേടേണ്ട ഒന്നാണ്. എന്നാൽ ഇവിടം ഇന്ന് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പാലോട് രവി എം.എൽ.എ ആയിരുന്നപ്പോൾ 50 ലക്ഷം രൂപ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നങ്കിലും ഇന്ന് അതെല്ലാം നാശത്തിന്റെ വക്കിലാണ്. കിഴക്ക് സഹ്യാദ്രിയും, പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽ പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളുടെ കഥയും പറയാനുണ്ട്. സമീപത്തായി നിലവിൽ സ്ഥിതി ചെയ്യുന്ന ആയിരവല്ലി ക്ഷേത്രം ഗോത്ര വർഗക്കാർ ആരാധന നടത്തുന്ന കേരളത്തിലെ തന്നെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടെ നിന്ന് വേങ്കമല ക്ഷേത്രയുമായി ബന്ധിപ്പിക്കുന്ന പതിനാല് കിലോമീറ്റർ ഗുഹാ പാതയും ഇവിടുണ്ട്. ഇങ്ങനെ പ്രകൃതി തന്നെ കാഴ്ചകളുടെ വിരുന്നൊരുക്കി നിൽക്കുമ്പോൾ ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനോ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ അധികൃതർ തയാറാകുന്നില്ല എന്ന ആക്ഷേപമാണുള്ളത്. വെള്ളാണിക്കൽ പാറയെ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.