തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലുമായി ബന്ധപ്പെട്ട നടപടികളോട് സംസ്ഥാനം സഹകരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരിക്കാൻ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറെ അറിയിക്കും. എന്നാൽ, സെൻസസ് (ജനസംഖ്യാ കണക്കെടുപ്പ്) നടപടികളോട് പൂർണമായി സഹകരിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളുമായി മുന്നോട്ടുപോകുന്നത് സംസ്ഥാനത്തെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംസ്ഥാന പൊലീസ് സർക്കാരിന് നൽകിയ റിപ്പോർട്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ഒപ്പം പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് തന്നെ കൃത്യമായി നടപ്പിലാക്കാൻ കഴിയാതാവുമെന്ന് ജില്ലാ കളക്ടർമാരും സർക്കാരിനെ അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ആരാഞ്ഞ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാവും സെൻസസ് കമ്മിഷണറെ വിവരം അറിയിക്കുക.
പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാനം ഉറുപ്പുവരുത്തുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന പ്രക്രിയയാണ്. ഇത് രണ്ടും സംസ്ഥാനത്ത് നടപ്പാക്കുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാവും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയ സംസ്ഥാനങ്ങളിലെ അനുഭവം യോഗത്തിൽ മന്ത്രിമാർ ചൂണ്ടിക്കാട്ടി. 2003ൽ വാജ്പേയ് സർക്കാരിന്റെ കാലത്ത് വരുത്തിയ നിയമഭേദഗതിയനുസരിച്ചാണ് സെൻസസിനോട് ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും ബന്ധിപ്പിച്ചത്. അതിന്റെ തുടർനടപടികളാണ് ഇപ്പോൾ കൈക്കൊള്ളുന്നത്.
രണ്ട് ചോദ്യങ്ങൾക്ക്
ഉത്തരം നൽകേണ്ട
സെൻസസിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് വിവരം ശേഖരിക്കാനുള്ള ഫോമിലെ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ലെന്ന് ജനങ്ങളെ അറിയിക്കും. വ്യക്തിയുടെ ജനനത്തീയതി, മാതാപിതാക്കളുടെ ജനനസ്ഥലം എന്നീ ചോദ്യങ്ങൾ ഉദ്യോഗസ്ഥർ ആരാഞ്ഞാലും മറുപടി നൽകേണ്ടതില്ല.
വിവരം ശേഖരിക്കാനുള്ള ഫോമിൽ നിന്ന് ഈ ചോദ്യങ്ങൾ അപ്പടി ഒഴിവാക്കാനാവില്ല. ഒഴിവാക്കുന്നത് അഖിലേന്ത്യാ സർവീസിൽപ്പെട്ട ജില്ലാകളക്ടർമാർ മുതലുള്ള ഉദ്യോഗസ്ഥരെ ബാധിക്കാനിടയുണ്ട്. ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. ചോദ്യങ്ങൾക്ക് ഉത്തരം നല്കിയില്ലെങ്കിൽ വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കാനാവില്ല. ഭാവിയിൽ ഏതെങ്കിലും ആനുകൂല്യങ്ങൾക്ക് അത്തരം വിവരം നല്കാതിരിക്കുന്നത് തടസമായാൽ അപ്പോൾ സംസ്ഥാന സർക്കാരിന് ഇടപെടാനാവും.