ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെയും അവനവഞ്ചേരി ഗവ, സിദ്ധ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ പോഷകസമൃദ്ധി പദ്ധതി അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ആരംഭിച്ചു.
ചുമ, വിട്ടുമാറാത്ത തുമ്മൽ, അലർജി, രക്തക്കുറവ്, വിളർച്ച, വിശപ്പില്ലായ്മ തുടങ്ങിയ രോഗങ്ങളിൽ നിന്ന് കുട്ടികളെ വിമുക്തരാക്കി അവരുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനാണ് പോഷക സമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണം നടത്തുന്നതിനൊപ്പം പട്ടണത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കാനും പദ്ധതി തയ്യാറായിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. സംസ്ഥാനത്ത് പോഷക സമൃദ്ധി പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ നഗരസഭയാണ് ആറ്റിങ്ങൽ.
അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സിദ്ധ ആശുപത്രി ഡോ. സ്മിത, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, കൗൺസിലർമാരായ ഗീതാകുമാരി, കോമളകുമാരി, ഗായത്രിദേവി, എം.കെ. സുരേഷ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. മധുസൂദനൻ നായർ, ശ്രീകുമാർ, ഹെഡ്മിസ്ട്രസ് അനിലാറാണി, നിമ്മി എന്നിവർ സംസാരിച്ചു.