പാലോട്: ജനവാസ മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. അതോടൊപ്പം തന്നെ നാട്ടുകാരെ അക്രമിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ എത്തി.പെരിങ്ങമ്മല പഞ്ചായത്തിലെ സെന്റ് മേരീസ്, ഒരുപറ പന്നിയോട്ടുകടവ് ,പേത്തല കരിക്കക്കം എന്നിവിടങ്ങളിലാണ് കാട്ടാനകൂട്ടം കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും ഇറങ്ങി നാശം വിതച്ചത്.കഴിഞ്ഞ ദിവസം അഗ്രി ഫാം ജീവനക്കാരനായ മധുവിനെ ആനകൂട്ടം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് ഇയാൾ രക്ഷപെട്ടത്. സ്കൂൾ കുട്ടികളും രക്ഷിതാക്കളും ഭയത്തിലാണ്. കാട്ടുപന്നികളുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാഴ്ത്തുമ്പോളാണ് കാട്ടാനക്കൂട്ടത്തിന്റെ വരവും നാശം വിതയ്ക്കലും. വനം അധികാരികളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.