ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗണിലെ പാലസ് റോഡ്, അയിലം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ സ്വകാര്യ ബസുകൾ റോഡ് കൈയേറി പാർക്ക് ചെയ്യുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾ നിരവധി പരാതികൾ നഗരസഭാ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ആർ.ടി.ഒയ്ക്കും, ഡി.വൈ.എസ്.പിക്കും, സർക്കിൾ ഇൻസ്പെക്ടർക്കും ചെയർമാൻ എം. പ്രദീപ് രേഖാമൂലം പരാതി നൽകി. ആറ്റിങ്ങൽ അയിലം റോഡിൽ ഇരു ദിശയിൽ നിന്നും വേലാംകോണം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾക്ക് ഏറെ അപകടകരമായി തീർന്നിരിക്കുകയാണ് സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിംഗ്. ഈ ഭാഗം വലിയ വളവും ഇറക്കവുമുള്ളത് കാരണം അപകടത്തിന്റെ തീവ്രത വർദ്ധിക്കുമെന്നും അതിനാൽ വാഹനങ്ങൾ ഇവിടെ നിന്ന് കൊല്ലമ്പുഴ, മാമം കാലിചന്ത ഭാഗങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുന്നതിനുള്ള അടിയന്തര നടപടി പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ചെയർമാൻ പരാതിയിൽ പറയുന്നു.