population

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിന്റെ ഭേദഗതി ബില്ലുകളുടെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞത് ഒന്നു വീതം കൂട്ടാൻ വ്യവസ്ഥയുള്ള കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തിരാജ് ഭേദഗതി ബില്ലുകളാണിത്. ഇതുസംബന്ധിച്ച ഓർഡിനൻസ് ഗവർണർ പിടിച്ചുവച്ച സാഹചര്യത്തിലാണ് നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുന്നത്. സഭാസമ്മേളനം 30ന് തുടങ്ങും. ഫെബ്രുവരി ആറിന് ബില്ല് പരിഗണിച്ചേക്കും. ഇക്കാര്യത്തിൽ നിയമസഭയുടെ കാര്യോപദേശകസമിതി തീരുമാനമെടുക്കും. സബ്‌ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം ഈ സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് നീക്കം.

ബില്ലിൽ ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. എന്നാൽ ഗവർണർ വീണ്ടും സാങ്കേതിക തടസമുയർത്തുമോയെന്ന ആശങ്ക മന്ത്രിസഭായോഗത്തിലുണ്ടായി. എന്നാൽ നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ തടയില്ലെന്ന് കരുതാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലുള്ള വാർഡ് വിഭജനമാണ് ലക്ഷ്യമിടുന്നത്. എന്നാൽ സെൻസസിന് ശേഷമുള്ള പത്ത് വർഷത്തിനിടെ രണ്ട് തവണ വാർഡ് വിഭജനം നടത്താമോയെന്നാണ് ഗവർണർ ഉന്നയിച്ച സംശയം. കൊല്ലത്തെ കൂടിക്കാഴ്ചയിൽ ഗവർണർ ഇക്കാര്യമുന്നയിച്ചപ്പോൾ നിയമത്തിൽ അങ്ങനെ പറയുന്നില്ലെന്നായിരുന്നു തദ്ദേശമന്ത്രി എ.സി. മൊയ്‌തീൻ വിശദീകരിച്ചത്. എന്നാൽ സെൻസസിന് ഒരു വർഷം മുമ്പ് വാർഡ് വിഭജനം പാടില്ലെന്ന് സെൻസസ് നിയമത്തിലുണ്ടെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് നൽകിയ കത്ത് ഗവർണർ സർക്കാരിന് അയച്ചിരുന്നു. എന്നാൽ സെൻസസ് ആക്ടിൽ തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തി മാറരുതെന്നേയുള്ളൂ എന്നും വാർഡ് വിഭജനത്തിന് തടസമില്ലെന്നുമുള്ള വിശദീകരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയത്.

 വാർഡ് വിഭജനം

ഗ്രാമപഞ്ചായത്തിൽ വാർഡുകളുടെ എണ്ണം 13ൽ കുറയാനോ 23ൽ കൂടാനോ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാലിത് 14 മുതൽ 24 വരെ ആക്കാമെന്നാണ് കരടിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും ഇതേ രീതിയിൽ വർദ്ധിക്കും. ജില്ലാപഞ്ചായത്തിൽ 16 മുതൽ 32 വരെ എന്നത് 17 മുതൽ 33 വരെയാകും
മുനിസിപ്പൽ കൗൺസിലിലും ടൗൺപഞ്ചായത്തിലും ഇരുപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയ്‌ക്ക് 25 അംഗങ്ങളാണുള്ളത്. ഇരുപതിനായിരത്തിൽ കവിഞ്ഞാൽ പരമാവധി 52 അംഗങ്ങൾ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം, കവിയുന്ന ഓരോ 2500 പേർക്ക് ഓരോന്ന് വീതവും വർദ്ധിക്കും. നിലവിൽ 25 അംഗങ്ങളുള്ള കൗൺസിലിൽ പുതിയ ഭേദഗതിയനുസരിച്ച് 26 പേരാവും. പരമാവധി 52 എന്നത് 53 ആകും. നാല് ലക്ഷത്തിൽ കവിയാത്ത കോർപറേഷനിൽ 55 പേരെന്നത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോർപറേഷനിൽ പരമാവധി കൗൺസിലർമാർ 100ൽ നിന്ന് 101 ആകും.

 വാർഡ് വരുന്നത് ജനസംഖ്യ വിലയിരുത്തി

ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ വാർഡുകൾ ജനറലാണോ സംവരണമാണോയെന്ന് നിശ്ചയിക്കുക. ജനറൽ, പട്ടികജാതി - വർഗം, വനിത, പട്ടികജാതി വനിത എന്നിങ്ങനെയാകണം വിഭജനം.