niyamasabha

തിരുവനന്തപുരം: നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനം ഈ മാസം 30ന് വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 30ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ വേണം സമ്മേളനം ആരംഭിക്കാൻ. നാളെ ചേരുന്ന മന്ത്രിസഭായോഗം നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ചേക്കും. അതിനിടെ 30ന് അസൗകര്യമുള്ളതിനാൽ തീയതി മാറ്റണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ അംഗീകരിക്കുമോയെന്നുറപ്പില്ല. അംഗീകരിച്ചാൽ വീണ്ടും മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് അയക്കേണ്ടി വരും.

സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനപ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്താനിടയുള്ള കേന്ദ്രവിരുദ്ധ പരാമർശങ്ങൾ വായിക്കുമോയെന്നതിൽ ആകാംക്ഷയുണ്ട്.
ഫെബ്രുവരി ഏഴിന് സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിക്കാനാണ് നിലവിലെ ആലോചന. 30ന് നയപ്രഖ്യാപനം കഴിഞ്ഞാൽ 31ന് അന്തരിച്ച തോമസ് ചാണ്ടിക്ക് ചരമോപചാരമർപ്പിക്കലാണ്. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നന്ദിപ്രമേയ ചർച്ച. ബഡ്‌ജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി ഫെബ്രുവരി 12ന് തത്കാലം നിയമസഭ പിരിയാനാണ് ആലോചന. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന പൂർത്തിയാക്കിയ ശേഷം മാർച്ച് ആദ്യത്തോടെ വീണ്ടും സഭ സമ്മേളിച്ച് 31ന് മുമ്പായി സമ്പൂർണ ബഡ്‌ജറ്റ് പാസാക്കും.