തിരുവനന്തപുരം: സമരത്തിന്റെ പേരിൽ പിരിച്ചുവിട്ട ജീവനക്കാരന്റെ ശിക്ഷ ലഘൂകരിച്ച് നിർബന്ധിത വിരമിക്കലാക്കി അക്കൗണ്ടന്റ് ജനറൽ ഉത്തരവിറക്കി.
പിരിച്ചുവിടലിനെതിരെ ജീവനക്കാരനായ എസ്. അനിലും ആഡിറ്റ് & അക്കൗണ്ട്സ് അസോസിയേഷനും കഴിഞ്ഞ പത്ത് വർഷമായി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് ശിക്ഷ ലഘൂകരിക്കാൻ അധികൃതർ തയ്യാറായത്. അനലിനൊപ്പം സമാനമായ ശിക്ഷാനടപടിക്കിരയായ നൂറോളം ജീവനക്കാർക്കും നീതി നേടിക്കൊടുക്കാൻ ശ്രമം തുടരുമെന്ന് അസോസിയേഷൻ കൺവീനർ ആർ. കൃഷ്ണകുമാർ അറിയിച്ചു. പിരിച്ചുവിടപ്പെട്ട ജീവനക്കാരന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കില്ല. അതേ സമയം നിർബന്ധിത വിരമിക്കലാണെങ്കിൽ ശേഷിക്കുന്ന സേവനകാലയളവിന്റെ നഷ്ടപരിഹാരവും മുഴുവൻ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
2006ൽ നടപ്പാക്കേണ്ടിയിരുന്ന സംസ്ഥാന പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണജോലികൾ ഒരു സ്വകാര്യ ഐ.ടി. കമ്പനിക്ക് പുറം കരാർ നൽകിയതിനെതിരെ സമരം ചെയ്തതിന്റെ പേരിലാണ് 2009 നവംബർ ആറിന് അനിലിനെയും മറ്റ് ഏതാനും പേരെയും സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ നൽകിയ പരാതിയിൽ ശിക്ഷ ലഘൂകരിക്കാൻ കേന്ദ്ര അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ 2012 ജൂലായിൽ ഉത്തരവിട്ടു. ഇതിനെതിരെ അധികൃതർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് പിരിച്ചുവിടൽ നടപടി വി.ആർ.എസായി ലഘൂകരിച്ച് ഉത്തരവിറക്കിയത്.