വർക്കല: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബഹ്റിനിലെ ബി.കെ.ജി ഹോൾഡിംഗ്സുമായി സഹകരിച്ച് 25, 26, 27 തീയതികളിൽ വിഷൻ 2020 എന്ന ത്രിദിന ഹെൽത്ത്ഫെസ്റ്റ് നടത്തുമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ അറിയിച്ചു. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ ചികിത്സയും അനുബന്ധ കാര്യങ്ങളുമുണ്ടായിരിക്കും.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മെഡിക്കൽ എക്സിബിഷനും ആരോഗ്യ ബോധവത്കരണ ക്ലാസുകളും ഉണ്ടായിരിക്കും. 5 മുതൽ രാത്രി 7 മണി വരെ കലാസാംസ്കാരിക പരിപാടികൾ. സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി ശിവഗിരി തീർത്ഥാടന വേദിയിൽ മന്ത്റി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്ത കർമ്മപദ്ധതിയുടെ തുടർച്ചയായാണ് വിഷൻ 2020. ഗുരുദേവ ഭക്തനും, ബി.കെ.ജി ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജന്റെ ജന്മദിനാർത്ഥം സ്പോൺസർ ചെയ്യുന്ന സൗജന്യ മെഡിക്കൽ ഫെസ്റ്റാണ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ. ഹെൽത്ത് സർവ്വീസ് ഡയറക്ടർ ഡോ. ആർ.എൽ. സരിത മെഡിക്കൽ ഫെസ്റ്റ് 25ന് രാവിലെ 9ന് ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. കെ.ജി. ബാബുരാജൻ മുഖ്യാതിഥിയായിരിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. അടൂർപ്രകാശ് എം.പി, വി.ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എച്ച്.സലിം, വി. സുമംഗല, എൻ.നവപ്രകാശ്, ആർ. സുഭാഷ്, അമ്പിളിപ്രകാശ്, അഡ്വ. എ. അസിം ഹുസൈൻ, സുനിത എസ്. ബാബു, ക്രിസ്റ്റി സൈമൺ, ജില്ലാപഞ്ചായത്തംഗം എസ്. ഷാജഹാൻ, വർക്കല ടൗൺപളളി ഇമാം വി.കെ. മുഹമ്മദ്കുഞ്ഞ് മൗലവി, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ചന്ദ്രമോഹൻ, അജി.എസ്.ആർ.എം, ഡോ. ഹരിലാൽവാസു, ഡോ. അഭിലാഷ് രാമൻ, ഫാദർ പ്രദീപ് ജോസഫ്, ഡോ. സുമിത്രൻ എന്നിവർ സംസാരിക്കും. 14 സ്പെഷ്യാലിറ്റി ക്യാമ്പുകളും ഉണ്ടായിരിക്കും. ഡോ. രമ്യബാബുരാജ്, ഡോ. അബിൻ വിജയൻ, വിഷൻ 2020 ചീഫ് കോ-ഓർഡിനേറ്റർ വി. അനിൽകുമാർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.