വർക്കല: നിത്യേന അടർന്നു വീഴുന്ന വെറ്റക്കട- മലപ്പുറം കുന്നിൻ മുകളിലൂടെ നാട്ടുകാരുടെ പോക്കുവരവ് ഉയിരു പേടിച്ച്. കണ്ണൊന്ന് തെറ്റുകയോ കാലൊന്ന് വഴുതുകയോ ചെയ്താൽ അറുപതടിയോളം താഴ്ചയിൽ കരിങ്കല്ല് പാകിയ കടൽഭിത്തിയിൽ തലയടിച്ച് ചിതറാനാകും വിധി. പ്രദേശവാസികളുടെ സുരക്ഷയ്ക്കായി കുന്നിൻ മുകളിൽ സുരക്ഷാ വേലി നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ അധികൃതരുടെ അവഗണന ഇന്നും തുടരുകയാണ്.
ഇടവ ഗ്രാമപഞ്ചായത്തിലെ ശ്രീയേറ്റ് കടപ്പുറത്ത് നിന്നാരംഭിച്ച് വെറ്റക്കട, മാന്തറ വഴി നീളുന്നതും ഓടയം ഇടപ്പൊഴിക്കയിൽ അവസാനിക്കുന്നതുമായ കുന്നിൻ നിരയ്ക്കാണ് ഈ ദുർഗതി. പാപനാശം കുന്നുകളുടെ തുടർച്ചയാണ് വെറ്റക്കട മലപ്പുറം കുന്നുകൾ. ടൂറിസം വികസനത്തിന്റെ ഭാഗമായി 19 വർഷം മുൻപാണ് കുന്നിൻ മുകളിലൂടെ സർക്കാർ നടപ്പാത നിർമ്മിച്ചത്.
വർഷങ്ങൾക്ക് ശേഷം ടൂറിസം വികസനത്തിന്റെ ഭാഗമായി വെറ്റക്കട, മലപ്പുറം കുന്നുകളിലും തെരുവു വിളക്കുകൾ സ്ഥാപിക്കപ്പെട്ടു .എന്നാൽ കുന്നിൻമുകളിലൂടെയുള്ള യാത്ര ഇപ്പോഴും ഭീതിജനകം തന്നെയാണ്. സുരക്ഷാ വേലിയില്ലാത്തതാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും പേടി വർദ്ധിപ്പിക്കുന്നത്.
സുരക്ഷാവേലി സ്ഥാപിച്ച് നാട്ടുകാരുടെ ജീവന് സുരക്ഷ നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ പൊതുവേ ദുർബലവും അനുദിനം തകർന്നു വീഴുകയും ചെയ്യുന്ന കുന്നിൻ മുകളിലൂടെയുള്ള പോക്കുവരവ് ഉപേക്ഷിക്കാൻ നാട്ടുകാർ നിർബന്ധിതരാവുകയാണ്.