നെടുമങ്ങാട്: പൈപ്പ് ലൈൻ ചോർച്ച കണ്ടുപിടിക്കാൻ ഗതാഗത തിരക്കേറിയ ഹൗസിംഗ് ബോർഡ് - നെട്ട - മണക്കോട് റോഡാകെ വെട്ടിപ്പൊളിച്ച വാട്ടർ അതോറിട്ടിയുടെ നടപടിയിൽ പ്രതിഷേധം ശക്തം. നിരവധിയിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ അപകടം പതിവായതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇവയൊന്നും യഥാസമയം മൂടുന്നതിൽ അധികൃതർ താത്‌പര്യമെടുക്കുന്നില്ല. ദിവസങ്ങളായി ഈ ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാവുകയാണ്. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടൽ കണ്ടെത്താൻ റോഡ് വെട്ടിപ്പൊളിക്കൽ ആരംഭിച്ചത്.എന്നാൽ,പൊട്ടൽ കണ്ടുപിടിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. റോഡുനിറയെ മണ്ണും കുഴികളുമായതിനാൽ കാൽനടയാത്രയും ഏറെ ബുദ്ധിമുട്ടാണ്. വീതികുറഞ്ഞതും വളവുള്ളതുമായ റോഡിൽ കുഴിയിലെ മണ്ണ് തള്ളിയതിനാൽ രണ്ട് വാഹനങ്ങൾക്ക് ഒരേസമയം പോകാനാവില്ല. കെ.എസ്.ആർ.ടി.സി, സ്‌കൂൾ ബസുകൾ തുടങ്ങി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ഗതികേട്. ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, കൃഷിഓഫീസ്, ഫയർസ്റ്റേഷൻ,ക്ഷേത്രങ്ങൾ, ഗ്രാമജ്യോതി സ്‌പെഷ്യൽ സ്‌കൂൾ, എസ്.യു.ടി വട്ടപ്പാറ എന്നിവിടങ്ങളിൽ പോകേണ്ട വാഹനങ്ങളും ഇതിവഴിവേണം കടന്നുപോകാൻ. അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി ഗതാഗത തടസം നീക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.